ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ് സിപിഎം-സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി.
അതേ സമയം ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സിപിഐ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്. ദേശീയ നേതൃത്വത്തിന്റെ പുതിയ തീരുമാനത്തില്‍ കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
