ലാലുവിന് 14 വര്‍ഷം തടവും 60 ലക്ഷം പിഴയും

റാഞ്ചി: കാലിത്തീറ്റ കുഭകോണത്തിലെ നാലാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് 14 വര്‍ഷം തടവും 60 ലക്ഷം രൂപയും പിഴയും. കേസില്‍ ലാലു ഉള്‍പ്പെടെ 19 പ്രതികള്‍ കുറ്റക്കാരാണെന്ന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ 12 പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

7 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ എന്നായിരുന്നു നേരത്തേ പുറത്തു വന്ന വിവരം. പിന്നീടാണ് ഇത് 14 വര്‍ഷവും 60 ലക്ഷം രൂപ പിഴയുമാണെന്ന് സ്ഥിരീകരിച്ചത്. സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആര്‍.ജെ.ഡി വ്യക്തമാക്കി.

അതേസമയം, പിതാവിന്‍റെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടെന്ന് ലാലുവിന്‍റെ മകനും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പ്രതികരിച്ചു.

ധുംക ട്രഷറിയില്‍ നിന്നും 1995 നും 96 നും ഇടയില്‍ വ്യാജ ബില്ലുകളും വൗച്ചറുകളും നല്‍കി മൂന്ന് കോടി 13ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവ്. ലാലുവിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ നാലാമത്തേതാണിത്. കുംഭകോണവുമായി ബന്ധപെട്ട് ഇനി രണ്ട് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷവും മൂന്നാമത്തെ കേസില്‍ അഞ്ച് വര്‍ഷവും ലാലുവിന് കോടതി ശിക്ഷ വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *