ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടേയും കാര്‍ഷിക മേഖലയുടേയും വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോ ബി ആര് അംബേദ്കറുടയും മഹാത്മാഗാന്ധിയുടെയും സ്വപ്നങ്ങള്‍ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാമ നവമി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രധാനമന്ത്രി മന് കി ബാത്ത് ആരംഭിച്ചത്. മഹാത്മാഗന്ധി രാമനാമത്തില്‍ വിശ്വസിച്ചിരുന്ന ആളാണ്. ഇന്ത്യയിലെ അവതരങ്ങള്ക്കായി ആസിയാന്‍ രാജ്യങ്ങളും ഇപ്പോള്‍ രാമായണത്തെ തിരഞ്ഞെടുക്കുന്നുവെന്നും രാമായണം ഇന്ത്യയെ മാത്രമല്ല, ആസിയാന്‍ രാജ്യങ്ങളേയും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 14 ന് അംബേദ്കറുടെ ജന്മദിനമാണെന്നും അതിനോടനുബന്ധിച്ച് ഏപ്രില്‍ 14 മുതല്‍ മെയ് 5 വരെ രാജ്യത്ത് ഗ്രാമ സ്വരാജ് അഭിയാന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മോദി വ്യക്തമാക്കി.
ലോകം രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും ശീതയുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ ഡോ. ബി ആര് അംബേദ്കര്‍ സമത്വത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും പറഞ്ഞു. ഇന്ത്യ വിദേശ നിക്ഷേപത്തില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയെ ഒരു വ്യവസായിക രാജ്യമാക്കുക എന്നത് അംബേദ്ക്കറുടെ സ്വപ്നമായിരുന്നു. അദേഹത്തിന്റെ സ്വയം പര്യാപ്തത എന്ന കാഴ്ച്ചപാടില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞു.
മഹാത്മാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി ജി, ഡോ.രാം മനോഹര്‍ ലോഹ്യ തുടങ്ങിയവര്‍ കര്‍ഷകരെ കുറിച്ച് കണ്ട സ്വപ്നങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് ന്യായവില ഉറപ്പാക്കാന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ തീരുമാനമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ സംരക്ഷണത്തിന് യോഗ പ്രധാന പങ്ക് വഹിക്കുന്നു. ഭാരതം ലോകത്തിന് നല്കിയ സംഭാവനയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല വേനല്‍കാലത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വീടിനു പുറത്ത് വെള്ളം സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
