കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും; സ്വന്തം സര്‍വേ ഫലത്തില്‍ ഞെട്ടി ബിജെപി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഡെക്കാണ്‍ ക്രോണിക്കലാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ തീരുമാനം കോണ്‍ഗ്രസിന് കൂടുതല്‍ സ്വീകാര്യത നേടികൊടുത്തെന്നാണ് സര്‍വേ വിലയിരുത്തുന്നത്. മാത്രമല്ല ആരോപണ വിധേയനായ ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടിയത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തലുണ്ട്. കോണ്‍ഗ്രസ് ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രചരണത്തില്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായുള്ള ക്ഷേത്ര സന്ദര്‍ശനവും മുഖ്യമന്ത്രി സിദ്ധാരാമയ്യ ലിംഗായത്തുകളെ പ്രത്യേകമതമായി പ്രഖ്യാപിച്ചതുമെല്ലാം ഹിന്ദുത്വവോട്ടുകളില്‍ വിള്ളലുണ്ടാക്കിയെന്നാണ് ബിജെപി നേതൃത്തിന്റെ വിലയിരുത്തല്‍. ഇതിനെ നേരിടാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സഹായം തേടാനാണ് നേതാക്കളുടെ തീരുമാനം.സമുദായ നേതാക്കളെ നേരില്‍ സന്ദര്‍ശിച്ചും, പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച്‌ റാലികള്‍ സംഘടിപ്പിച്ചും പരിഹാരം കണ്ടെത്താനാണ് നേതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.

കര്‍ണാടകയിലെ ജനസംഖ്യയില്‍ 17 ശതമാനം വരുന്ന വിഭാഗക്കാരാണ് ലിംഗായത്തുകള്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുകയാണ്. സാമുദായികമായും രാഷ്ട്രീയമായും കര്‍ണാടകയില്‍ ഏറെ സ്വാധീനമുള്ള ലിംഗായത്തുകളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നതിലൂടെ തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലിംഗായത്തുകളുടെ ഏറെ നാളത്തെ ആവശ്യമാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ കഴിഞ്ഞദിവസം അംഗീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *