സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പോലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. പോലീസ് തോന്നിയ രീതിയില്‍ കിരാതമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വധിക്കുകയാണ്. പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നു. പോലീസുകാരെ നല്ലപാഠം പഠിപ്പിക്കാന്‍ ഡി.ജി.പി ട്യൂഷന്‍ എടുക്കേണ്ട അവസ്ഥയിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

കോണ്‍ഗ്രസില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറുപടി നല്‍കിയ മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. പോലീസ് ഉള്‍പ്പെടെയുണ്ടാകുന്ന ഒറ്റപ്പെട്ട അക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍ക്ക് മാതൃകാപരമായ നപടിയുണ്ടാകും. ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ സംഭവങ്ങളില്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

പോലീസ് കാണിക്കുന്ന അനീതിക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പോലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. തെറി പോലീസിന്റെ ഔദ്യോഗിക ഭാഷയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. സംസ്ഥാനത്ത് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച പോലെ തെറി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൂടെ. ആലപ്പുഴയിലും മലപ്പുറത്തും ഈരാറ്റുപേട്ടയിലും യാത്രക്കാര്‍ക്കു നേരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *