കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിവിവാദത്തില്‍ ഇന്ന് വീണ്ടും സമവായ ചര്‍ച്ച നടക്കും. വൈകുന്നേരം അഞ്ച് മണിയ്ക്ക് എറണാകുളം ബിഷപ്പ് ഹൗസിലാണ് ചര്‍ച്ച. വിശ്വാസികളുടെ കൂട്ടായ്മയായ എഎംടിയുടെ ഭാരവാഹികളും അതിരൂപത പ്രതിനിധികളും കെസിബിസി പ്രതിനിധികളും സമവായചര്‍ച്ചയില്‍ പങ്കെടുക്കും.
കെസിബിസിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം വൈദികസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഭൂമികച്ചവട വിവാദവുമായി കാര്യങ്ങളില്‍ അന്തിമ തീരുമാനം കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വീകരിക്കട്ടെയെന്നും അതുവരെ തര്‍ക്കങ്ങളില്‍ നിന്നും പരസ്യപ്രതിഷേധത്തില്‍ നിന്നും മാറിനില്‍ക്കാനും വൈദിക സമിതി യോഗത്തില്‍ ധാരണയായിരുന്നു.
മാത്രമല്ല തനിക്ക് തെറ്റ് പറ്റിയകാര്യം മാര്‍ ആലഞ്ചേരി വൈദിക സമിതി യോഗത്തില്‍ സമ്മതിക്കുകയും ഇതിന് പരിഹാരം കാണാന്‍ തയാറാണന്ന് അറിയിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിയുന്നത്.
അതേസമയം ഭൂമി വിവാദം പരിഹാരത്തിലേയ്‌ക്കെത്തിയെന്നും സമാധാനത്തിന്റെ ദിനങ്ങളാണ് ഇനി വരുന്നതെന്നുമാണ് ഇന്നലെ കൊച്ചിയില്‍ വിശ്വാസികള്‍ക്കായി നടത്തിയ ഓശാന സന്ദേശത്തില്‍ കര്‍ദിനാള്‍ വ്യക്തമാക്കിയത്. താനും സഹായ മെത്രാന്‍മാരും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടുളളതാണ് സത്യം. വൈദിക സമിതിയോഗത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന പ്രചരണങ്ങളോട് വിയോജിക്കുന്നുവെന്നും കര്‍ദിനാള്‍ വ്യക്തമാക്കിയിരുന്നു.
