ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘നമോ’യുടെ ഉപയോക്താക്കളെല്ലാം എത്രയും വേഗം അത് നീക്കം ചെയ്യണമെന്നാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയുള്ള രാഹുലിന്റെ ആഹ്വാനം. നമോ ആപ്പിലൂടെ ഉപയോക്താക്കളുടെ വീഡിയോ, ഓഡിയോ ശകലങ്ങള്‍ റക്കാര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും, ജി.പി.എസ് മുഖേന ഉപഭോക്താവിന്റെ വാസസ്ഥലം വരെ കണ്ടെത്തുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രിയെ പരോക്ഷമായി ജനങ്ങള്‍ക്കുമേല്‍ ചാരവൃത്തി നടത്തുന്ന ‘ബിഗ് ബോസ്’ എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. 13 ലക്ഷത്തോളം എന്‍.സി.സി കാഡറ്റുകളെ നിര്‍ബന്ധിപ്പിച്ച് ആപ് ഡൗണ്‍ലോഡ് ചെയ്യിച്ചിരിക്കുകയാണെന്നും ട്വിറ്ററില്‍ രാഹുല്‍ പറയുന്നു.
കഴിഞ്ഞ ദിവസവും മോദിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പരിഹാസ ശരം അയച്ചിരുന്നു. ‘ഹായ് എന്റെ പേര് നരേന്ദ്രമോദി, ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ഞാന്‍ അമേരിക്കന്‍ കമ്ബനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും.’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നരേന്ദ്ര മോദി ആപ്പില്‍ നിന്നും ഉപഭോക്താവിന്റെ വിവരങ്ങള്‍ അമേരിക്കന്‍ കമ്ബനിയായ ക്ലെവര്‍ ടാപ്പിലേക്ക് ചോര്‍ത്തപ്പെടുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്.
അതേസമയം ഇതിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. ‘ഹായ് എന്റെ പേര് രാഹുല്‍ ഗാന്ധി, ഞാന്‍ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ്. എന്റെ ഔദ്യോഗിക ആപ്പില്‍ നിങ്ങള്‍ സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ വിവരങ്ങള്‍ ഞാന്‍ സിഗപ്പൂര്‍ കമ്ബനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും’ ഇതായിരുന്നു ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ മറുപടി. മാത്രമല്ല ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കച്ചവടക്കാര്‍ക്ക് പോലും നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എല്ലാവരും നന്ദി പറയണമെന്നും അമിത് ട്വിറ്ററില്‍ കുറിച്ചു.
