2011 ലെ സെന്‍സസ് ആധാരമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെ തിരിച്ചടി; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനങ്ങളുമായി രാജ്യത്തിന്റെ വരുമാനം വീതം വയ്ക്കുന്നതിനായി രൂപീകരിച്ച പതിനഞ്ചാം ധനകാര്യകമ്മീഷന്‍ 2011ലെ സെന്‍സസ് ആധാരമാക്കി വിഹിതം നിശ്ചയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാകെയും, കേരളത്തിനു പ്രത്യേകിച്ചും തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുടുംബാസൂത്രണപരിപാടികള്‍ വ്യാപകമായി രാജ്യത്ത് നടപ്പിലാക്കുന്നതിന് മുന്‍പുള്ള ജനസംഖ്യാ കണക്കെടുപ്പാണ് 1971ലേത്. ഇത്രയും നാളും റവന്യൂ വിഹിതം നിശ്ചയിക്കുന്നതിന് അടിസ്ഥാനപ്പെടുത്തിയിരുന്നത് 1971ലെ ജനസംഖ്യാ കണക്കെടുപ്പായിരുന്നു. ഇത് മാറ്റി 2011 ലെ സെന്‍സസ് ആധാരമാക്കുന്നത് കേരളം പോലെ മാനവ വികസന സൂചികകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളോടുള്ള കടുത്ത അനീതിയാണ്. ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ച കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കേന്ദ്രത്തിന് നികുതിയിലൂടെയും മറ്റും കേരളം കൊടുക്കുന്ന ഓരോ രൂപയ്ക്കും കേവലം ഇരുപത്തിയഞ്ച് പൈസയാണ് നികുതിവിഹിതമെന്ന നിലയ്ക്ക് തിരികെ ലഭിക്കുന്നത്. സമാനമായി ഒരു രൂപ കേന്ദ്രത്തിന് കൊടുക്കുമ്‌ബോള്‍ തമിഴ്‌നാടിന്റെ വിഹിതം നാല്‍പത് പൈസയും കര്‍ണാടകത്തിന് ഇതു നാല്‍പത്തിയേഴ് പൈസയുമാണ്. അതേസമയം ഉത്തര്‍പ്രദേശിന് ഒരു രൂപക്ക് തിരികെ ലഭിക്കുന്നത് ഒരു രൂപ എഴുപത്തിയൊന്‍പത് പൈസയാണ്. പുതിയ നിര്‍ദേശം നടപ്പിലാക്കപ്പെടുകയാണെങ്കില്‍ വിഹിതവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *