തിരുവനന്തപുരം: മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിലില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചത്. സി.പി.എം യോഗങ്ങള്‍ക്കുള്ള പ്രധാന്യം നിയമസഭാ സമ്മേളനത്തില്ലേയെന്നും ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി എവിടെയെന്നും മുരളീധരന്‍ സഭയില്‍ ചോദിച്ചു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെപ്പോയിയെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവും സംഘവും ബഹളത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളും പൊലീസ് അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ബഹളമുണ്ടായത്.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ജി സുധാരകരനാണ് ഈ വിഷയത്തില്‍ മറുപടി പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്ത് പൊലീസ് അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലും മുഖ്യമന്ത്രി മൂന്ന് ദിവസമായി നിയമസഭയില്‍ എത്തിയിട്ടില്ലാത്ത സംഭവം ഗൗരവപൂര്‍വ്വം നോക്കിക്കാണേണ്ടതുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
