കാസര്‍ഗോഡ് നെഹ്റു കോളെജില്‍ വനിതാ പ്രിന്‍സിപ്പാളിനുള്ള യാത്രയയപ്പിനിടയില്‍ ആദരാഞ്ജലി അര്‍പ്പിച്ച സംഭവം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്എഫ്ഐയുടെ ജീര്‍ണ്ണത പ്രതിഫലിക്കുന്നതാണെന്ന് വിഎം സുധീരന്. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ ‘കൊച്ചു ഫാസിസ്റ്റു’കളായി മാറിക്കൊണ്ടിരിക്കുന്ന സ്വന്തം അണികളുടെ ഈ ശൈലിക്കെതിരെ പ്രതികരിക്കാന്‍ എസ്എഫ്ഐ ദേശീയ നേതൃത്വം തയ്യാറാകുമോയെന്നും സുധീരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്എഫ്ഐയുടെ ജീര്‍ണ്ണത പ്രതിഫലിക്കുന്ന മറ്റൊരു സംഭവമാണ് കാസര്‍ഗോഡ് ജില്ലയിലെ നെഹ്റു കോളെജ് വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പിനിടയില്‍ അവര്‍ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച സംഭവം. പാലക്കാട് വിക്ടോറിയ കോളെജിലും എറണാകുളം മഹാരാജാസ് കോളെജിലും എസ്എഫ്ഐ നടത്തിയ ഗുരുനിന്ദയുടെ തനി ആവര്‍ത്തനമാണിത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ കോടതി പോലും ഇടപെടുന്ന സാഹചര്യമുണ്ടാക്കിയതില്‍ എസ്എഫ്ഐക്ക് നിര്‍ണ്ണായകമായ പങ്കാണുള്ളത്. അവര്ക്കിഷ്ടമില്ലാത്തവരോട് നടത്തിവരുന്ന അതിക്രമങ്ങളും കോടതി ഇടപെടലുകള്‍ക്ക് അവസരം നല്കി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ’കൊച്ചു ഫാസിസ്റ്റു’കളായി മാറിക്കൊണ്ടിരിക്കുന്ന സ്വന്തം അണികളുടെ ഈ ശൈലിക്കെതിരെ പ്രതികരിക്കാനും ഇത്തരം രീതി അവസാനിപ്പിക്കാനും എസ്എഫ്ഐ ദേശീയ നേതൃത്വം തയ്യാറാകുമോ, സുധീരന് കൂട്ടിച്ചേര്‍ത്തു.
