ഒരു വര്‍ഷത്തിനിടെ 1100 ഏറ്റുമുട്ടലുകള്‍… യുപിയില്‍ യോഗിയുടെ ‘എന്‍കൗണ്ടര്‍ രാജ്‌’

ന്യൂഡല്‍ഹി: യോഗി ആദിത്യ നാഥ്‌ അധികാരത്തില്‍ വന്ന ശേഷം ഉത്തര്‍പ്രദേശിലെ പൊലീസ്‌ ഏറ്റുമുട്ടലുകളിലുണ്ടായ വര്‍ധവിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്‌ പുറത്തുവരുന്നത്‌. 2017 മാര്‍ച്ച്‌ മുതലുള്ള കണക്കനുസരിച്ച്‌ 1100ലധികം ഏറ്റുമുട്ടലുകളിലായി 49 പേര്‍ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടതായാണ്‌ കണക്കുകള്‍. 370 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും 3300 പേര്‍ അറസ്റ്റിലാകുകയും ചെയ്‌തതായി ‘ദി ഹിന്ദു’ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ ഏറ്റുമുട്ടലുകളില്‍ അധികവും വ്യാജ ഏറ്റുമുട്ടലുകളാണെന്ന ആരോപണവും ശക്തമാണ്‌.

ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും ദളിതരും മുസ്ലീങ്ങളും മറ്റ്‌ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമാണെന്നത്‌ സംഘപരിവാര്‍ നേരിട്ട്‌ ഭരണചക്രം തിരിക്കുന്ന ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലകളെ സംബന്ധിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഘപരിവാറിന്റെ രാഷ്‌ട്രീയ അജണ്ട നടപ്പിലാക്കാന്‍ പൊലീസിനെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ശക്തമാണ്‌. ദളിത്‌-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയം വിതക്കാന്‍ ഏറ്റുമുട്ടലുകള്‍ സൃഷ്‌ടിക്കുന്നുവെന്ന വാദത്തിന്‌ ശക്തിപകരുന്നതാണ്‌ ഈ കണക്കുകള്‍.

ജനുവരി മാസം പകുതിയോടെ കേവലം 48 മണിക്കൂറിനുള്ളില്‍ 18 എന്‍കൗണ്ടറുകള്‍ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. ഏറ്റുമുട്ടലുകള്‍ കൊലകള്‍ വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചിരുന്നു. സംസ്ഥാന മനുഷ്യവകാശ കമ്മീഷനും ഏറ്റുമുട്ടല്‍ കേസുകളില്‍ അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്‌.

നോയ്‌ഡയില്‍ ജിം ഇന്‍സ്ട്രക്‌ടര്‍ ആയ ജിതേന്ദ്ര യാദവിന്‌ വ്യാജ ഏറ്റമുട്ടലില്‍ കഴുത്തിന്‌ വെടിയേറ്റ സംഭവത്തിലാണ്‌ സംസ്ഥാന സര്‍ക്കാരിനെ മനുഷ്യാവകാശ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചത്‌. മഥുരയില്‍ പൊലീസ്‌ വെടിവയ്‌പില്‍ എട്ടു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിലും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ഇത്തരത്തിലുള്ള നാലു കേസുകള്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ അന്വേഷണത്തിലാണ്‌.

യോഗി സര്‍ക്കാര്‍ കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരില്‍ നടത്തിയതെന്നാരോപിച്ച്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊല നടത്തിയാല്‍ പ്രമോഷന്‍ ലഭിക്കുമെന്ന് തന്റെ സഹപ്രവര്‍ത്തകനോട് ഒരു പൊലീസുകാരന്റെ വെളിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിരുന്നു.

2012 ലെ സുപ്രധാനമായ ഒരു കേസില്‍, പ്രതികളെ വെടിവെച്ചുകൊല്ലുകയല്ല മറിച്ച്‌ ജീവനോടെ വിചാരണ നേരിടാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശവും മനുഷ്യാവകാശ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ്‌ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ യഥേഷ്‌ടം തുടരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *