ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല, വദനസുരതം ക്രൂരം: ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. എന്നാല്‍ പങ്കാളിയെ വദന സുരതത്തിനോ പ്രകൃതിവിരുദ്ധ ബന്ധത്തിനോ നിര്‍ബന്ധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി പറയുന്നു. ഭര്‍ത്താവ് മാനഭംഗപ്പെടുത്തിയെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും കാണിച്ച്‌ ഒരു വനിതാ ഡോക്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി തിങ്കളാഴ്ച ഈ പരാമര്‍ശം നടത്തിയത്. മെഡിക്കല്‍ കോളജ് പ്രൊഫസര്‍ കൂടിയാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്.

ലൈംഗിക വൈകൃതങ്ങളായ പ്രകൃതി വിരുദ്ധ ഭോഗം, ഗുദഭോഗം, മൃഗഭോഗം തുടങ്ങിയവ ഒഴികെയുള്ളവയൊന്നും ഐ.പി.സി സെക്ഷന്‍ 377 ല്‍ വരില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവ് തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് മുതിരുന്നുവെന്നും പലപ്പോഴും വദന സുരതത്തിനും പ്രകൃതിവിരുദ്ധ ബന്ധത്തിനും നിര്‍ബന്ധിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുന്ന പീഡനവും ഭര്‍ത്താവ് നടത്തുന്നു. എന്നാല്‍ ഭാര്യയുടെ പരാതി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

ഉഭയസമ്മതമില്ലാതെയുള്ള ദമ്ബതികളുടെ ലൈംഗികബന്ധത്തെ മാനഭംഗമായി കണക്കാക്കരുതെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവിന് അവകാശമുണ്ടെന്നും എന്നാല്‍ അവള്‍ അയാളുടെ സ്വത്ത് അല്ലെന്നും അനുമതിയില്ലാതെയുള്ള ബന്ധം പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനം ആവശ്യപ്പെടുന്നതും അതിനു വേണ്ടി ഉപദ്രവിക്കുന്നതും കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പരാതിയില്‍ സി.ബി.ഐയോ സി.ഐ.ഡിയോ അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി. യുവതിയുടെ ഹര്‍ജിയില്‍ വാദം തുടരുമെന്ന്‌അറിയിച്ച കോടതി ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ യുവതിക്കെതിരെ നല്‍കിയ പരാതിയും തള്ളി. ജസ്റ്റീസ് ജെ.ബി പര്‍ദ്ദിവാലയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *