കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത കേസില്‍ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ നിന്നാണ് ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത്. വിവാഹ വീഡിയോകള്‍ അശ്ലീല വീഡിയോകളാക്കി മാറ്റിയത് ബിബീഷാണ്. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.
സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിബീഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വടകര സിഐ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തിയിരുന്നു. നൂറുകണക്കിന് സ്ത്രീകളാണ് വടകര സിഐ ഓഫീസിലേക്ക് നടന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുത്തത്.
കേസില്‍ നേരത്തെ അറസ്റ്റിലായ സദയം സ്റ്റുഡിയോ ഉടമകളായ വൈക്കലശേരി ദിനേശന്‍, സഹോദരന്‍ സതീശന്‍ എന്നിവരെ വടകര കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സ്റ്റുഡിയോ ജീവനക്കാരനായ ബിബീഷ് അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും സംഭവം മൂടിവെച്ചതിനും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് സൂക്ഷിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മാത്രമല്ല ഇവര്‍ക്കെതിരെ ഐടി ആക്‌ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യമില്ലാ കേസും ചുമത്തിയിട്ടുണ്ട്. ഇതേ കുറ്റങ്ങള്‍ തന്നെയാകും ബിബീഷിനെതിരെയും ചുമത്തുക. ബിബീഷിന്റെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ 4500 സ്ത്രീകളുടെ ചിത്രങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ നൂറുകണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളുമുണ്ട്. കല്ല്യാണ വീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗവും. ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
