ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച ചോദ്യം ചെയ്ത് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. പുനഃപരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇയുടെ ഏതൊരു തീരുമാനത്തിലും ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്.
സി.ബി.എസ്.ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിടാനോ, അന്വേഷണത്തില്‍ ഇടപെടാനോ കോടതിക്ക് അധികാരമില്ല. ഇക്കാര്യത്തില്‍ വിശദമായ വാദത്തിലേക്ക് കടക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാതെയാണ് തള്ളിയിരിക്കുന്നത്. ഒരുപറ്റം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായിരുന്നു പരാതിക്കാര്‍. ഓരോ ഹര്‍ജിക്കാരനും വാദം ഉന്നയിക്കാന്‍ ചുരുങ്ങിയ സമയവും കോടതി അനുവദിച്ചിരുന്നു. തുടര്‍ന്ന് സി.ബി.എസ്.ഇയുടെ വാദം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ ഹര്‍ജികള്‍ തള്ളുകയായിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ന്ന് 12ാം ക്ലാസിലെ ഇക്കണോമിക്‌സ് പരീക്ഷ ഏപ്രില്‍ 25ന് വീണ്ടും നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിരുന്നു. എന്നാല്‍ പത്താം ക്ലാസിലെ കണക്ക് പരീക്ഷ വീണ്ടും നടത്തില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു.
