വ്യാജഏറ്റുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ കാറപകടത്തില്‍ മരിച്ചു

കൊച്ചി: ഗുജറാത്തില്‍ വ്യാജഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ള കാറപകടത്തില്‍ മരിച്ചു. ഹൃദയപരിശോധനയ്ക്കായി എറണാകുളം അമൃത ആശുപ്ത്രിയിലേക്ക് പോകുന്നവഴിയാണ് അപകടം നടന്നത്. ചേര്‍ത്തല വയലാറിനു സമീപമായിരുന്നു അപകടം. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് ഗോപിനാഥപിള്ള.

ബുധാഴ്ച്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഗോപിനാഥപിള്ള സഞ്ചരിച്ച കാറിനുപിന്നില്‍ ലോറിവന്നിടിക്കുകയും തുടര്‍ന്ന് തെന്നിമാറിയ കാറില്‍ എതിരേ വന്ന മറ്റൊരുലോറി ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിനാഥപിള്ളയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

പ്രാണേഷിന്റെ മരണത്തില്‍ നിയമപോരാട്ടത്തിലായിരുന്നു ഗോപിനാഥപിള്ള. ഇസ്രത് ജഹാന്‍ കേസിലും ഗോപിനാഥപിള്ള വാദിയായിരുന്നു. 2004 ലാണ് പ്രാണേഷ് കുമാര്‍ , ഇസ്രത് ജഹാന്‍ , അംജദ് അലി , ജിഷന്‍ ജോഹര്‍ എന്നിവരെ നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദികളെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഗുജറാത്ത് പോലീസും സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സിയും സംയുക്തമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 2004 ജൂണ്‍ 15നു പുലര്‍ച്ചെ നാലു മണിക്കാണു പ്രാണേഷ്, ഇസ്രത്, അംജദ് അലി (രാജ്കുമാര്‍ അക്ബര്‍ അലി റാണ), ജിസാന്‍ ജോഹര്‍ അബ്ദുല്‍ ഗനി എന്നിവര്‍ കൊല്ലപ്പെട്ടത്. ഇവരെ പോലീസ് ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്നാണു മെട്രോപ്പൊളിറ്റന്‍ മജിസ്‌ട്രേട്ട് എസ് പി തമാംഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. നാലുപേര്‍ക്കും ലഷ്‌കറുമായി ബന്ധമില്ലെന്നും മജിസ്‌ട്രേട്ട് വ്യക്തമാക്കിയിരുന്നു.

ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും മകളെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നും ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ജഹാന്റെ മാതാവ് ഷമീന ഹര്‍ജി നല്‍കിയതോടെയാണു കേസിന്റെ ഗതി മാറിയത്.വെടിവച്ചുകൊല്ലാന്‍ നേതൃത്വംനല്‍കിയ െ്രെകം ബ്രാഞ്ച് തന്നെ അന്വേഷണം നടത്തുന്നതിനെയാണ് അമ്മ ചോദ്യംചെയ്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രാണേഷിന്റെ പിതാവ് താമരക്കുളം മണലാടി തെക്കതില്‍ എം.ആര്‍. ഗോപിനാഥപിള്ള സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

2004 നവംബര്‍ 26ന് സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് എന്നയാളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കൊലപ്പെടുത്തിയതെന്ന് 2007 മാര്‍ച്ചില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. തെളിവ് നശിപ്പിക്കാനായി ഇയാളുടെ ഭാര്യ കൗസര്‍ബിയെ പോലീസ് കൊന്നുകത്തിക്കുകയും ചെയ്തുവെന്ന് പിന്നീട് വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *