ദില്ലി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളത്തിന് കൈനിറയെ സമ്മാനങ്ങള്‍. മലയാളികള്‍ക്ക് വിഷുസമ്മാനമായി ഒരുപിടി ദേശീയ അവാര്‍ഡുകളാണ് ലഭിച്ചിരിക്കുന്നത്. അതില്‍ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഭയാനകം എന്നീ ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ ഏറെയും വാരിക്കൂട്ടിയത്.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ദിലീഷ് പോത്തന്റെ ഈ ചിത്രത്തിനാണ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനായി തൂലിക ചലിപ്പിച്ച സജീവ് പാഴൂര്‍ സ്വന്തമാക്കി. മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകവും അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ (ജയരാജ്), മികച്ച ഛായാഗ്രഹണം (നിഖില്‍ എസ് പ്രവീണ്‍), മികച്ച ഗായകന്‍ (കെജെ യേശുദാസ്) എന്നീ അവാര്‍ഡുകളും ഭയാനകം സ്വന്തമാക്കി. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യേശുദാസ് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
