രാമക്ഷേത്രം പൊളിച്ചത് ഇന്ത്യയിലെ മുസ്ലീമുകളല്ല; ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനു പിന്നില്‍ വിദേശശക്തികള്‍: മോഹന്‍ ഭഗവത്

മുംബൈ: അയോധ്യ തര്‍ക്കവിഷയം വീണ്ടും ഉയര്‍ത്തി ആര്‍.എസ്.എസ് േേധാവി േോഹന്‍ ഭഗവത്. രാമക്ഷേത്രം പൊളിച്ചത് ഇന്ത്യയിലെ മുസ്ലീം സമൂഹമല്ല. ഇന്ത്യക്കാര്‍ക്കാര്‍ അത്തരത്തില്‍ പെരുമാറാന്‍ കഴിയില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിന് പിന്നില്‍ വിദേശശക്തികളാണ്. ഇന്ത്യക്കാരുടെ ആത്മവീര്യം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഭഗവത് പറഞ്ഞു. ഞായറാഴ്ച പല്‍ഘറില്‍ വിരാട്ടഖ് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനുള്ളില്‍ തന്നെ രാമക്ഷേത്രം പുനഃസ്ഥാപിക്കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെന്നും ഭഗവത് പറഞ്ഞു. ക്ഷേത്രം മുന്‍പ് നിലനിന്നിരുന്നിടത്തു തന്നെയാണ് പുനഃസ്ഥാപിക്കേണ്ടത്. അതിനു വേണ്ടിയുള്ള പോരാട്ടത്തിന് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രം അയോധ്യയില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തിന്റെ വേരറുക്കും. അതുകൊണ്ടാണ് ക്ഷേത്രം നിലനിന്നിടത്തുതന്നെ പുഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ന് നാം സ്വതന്ത്രരാണ്. തകര്‍ക്കപ്പെട്ടതെന്തും പുനഃസ്ഥാപിക്കാന്‍ നമുക്ക് അവകാശമുണ്ട്. അത് വെറും ക്ഷേത്രമല്ല, നമ്മുടെ അനന്യതയുടെ അടയാളമാണെന്നും അദ്ദേഹം പറയുന്നു. രാമ ജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്ക വിഷയം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ജാതി സംഘര്‍ഷങ്ങളില്‍ പ്രതിപക്ഷത്തിനെതിരെയും ഭഗവത് ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയവര്‍ ഇപ്പോള്‍ ജാതിയുടെ പേരില്‍ ജനങ്ങളോട് പോരടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *