ദില്ലി: ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നും ഇതിനായി പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്നുമാണ് കേന്ദ്രം, സുപ്രിംകോടതിയെ അറിയിച്ചത്.
കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അന്താരാഷ്ട്രവേദികളില്‍ ഇന്ത്യക്ക് നാണക്കേടുമുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ബാലപീഡകര്‍ക്കെതിരേ വധശിക്ഷ നല്‍കാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. പൊതുതാത്പര്യ ഹര്‍ജിയില്‍ ഏപ്രില്‍ 27ന് വാദം തുടരും.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിത അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം പീഡനത്തിന് പരമാവധി ജീവപര്യന്തം ശിക്ഷയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ നിയമപ്രകാരം പക്ഷെ, അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടാകില്ല. ഈ നിയമം ഭേദഗതി ചെയ്ത് വധശിക്ഷയും ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
കുറ്റവാളികള്‍ക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്‌സോ നിയമം ഭേദഗതി ചെയ്യുമെന്നു നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെങ്ങും കുട്ടികള്‍ക്കെതിരേ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്‍ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിപരമായും തന്റെ മന്ത്രാലയവും പോക്‌സോ നിയമയത്തില്‍ ഭേദഗതിക്കു ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ബാലപീഡകര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗും ആവശ്യപ്പെട്ടിരുന്നു.
