ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രഥമ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബെംഗളൂരു എഫ്സി. ഒരു ഗോളിനു പിന്നില്‍ പോയ ശേഷമാണ് മികച്ച ജയം നേടി ബെംഗളൂരു ഇന്ത്യന്‍ ഫുട്ബോളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. എല്ലാ സീസണിലും ഒരു കപ്പ് നേടുകയെന്ന നേട്ടമാണ് ഇതോടെ ബെംഗളൂരു എഫ്സി സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് ഇടവേളയ്ക്ക് പിരിഞ്ഞത്.
അനുസ്മാന ക്രോമ 28ാം മിനുട്ടില്‍ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. എന്നാല്‍ രാഹുല്‍ ബെകേയുടെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ബെംഗളൂരൂ ഒപ്പം പിടിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്തില്‍ കളി കൈയ്യാങ്കളിയായപ്പോള്‍ ഈസ്റ്റ് ബംഗാളിന്റെ സമദിനു ലഭിച്ച ചുവപ്പ് കാര്‍ഡ് ടീമിന്റെ കപ്പ് സാധ്യതകളെ ബാധിച്ചു.
52ാം മിനുട്ടില്‍ ക്രോമ ഈസ്റ്റ് ബംഗാളിനെ വീണ്ടും മുന്നിലെത്തിച്ചുവെങ്കിലും ലൈന്‍സ്മാന്‍ ഓഫ്‍സൈഡ് വിളിച്ചതോടെ രണ്ടാം ഗോള്‍ എന്ന താരത്തിന്റെ സ്വപ്നം പൊലിഞ്ഞു. പത്ത് പേരായി ചുരുങ്ങിയതിനാല്‍ ബെംഗളൂരുവിന്റെ മുന്നേറ്റനിരയുടെ നിരന്തര ആക്രമണങ്ങളെ ചെറുത്ത് നില്‍ക്കുവാന്‍ ഏറെ നേരം സാധിക്കാതെ വന്നപ്പോള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം ഒടുവില്‍ ഛേത്രിക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.
69ാം മിനുട്ടില്‍ ടീമിനു ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റി ബെംഗളൂരു ലീഡ് നേടി. ഛേത്രിയായിരുന്നു സ്കോറര്‍. മിനുട്ടുകളുടെ വ്യത്യാസത്തില്‍ മികു നേടിയ ഗോളില്‍ ബെംഗളൂരു സീസണിലെ ആദ്യം ട്രോഫി ഉറപ്പാക്കി. 90ാം മിനുട്ടില്‍ ഛേത്രി മത്സരത്തിലെ രണ്ടാമത്തെയും ബെംഗളൂരുവിന്റെ നാലാമത്തെയും ഗോള്‍ നേടി.
