കോട്ടയം: അതീവ ഗുരുതരമായ കൊലപാതകമാണ് കെവിന് പി. ജോസഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിന് മരിക്കാനിടയായ സംഭവം പോലീസിന്റെ അനാസ്ഥമൂലം സംഭവിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെവിന്റെ അച്ഛനും ഭാര്യ നീനുവും പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. കേരളത്തിലെ പോലീസ് നിഷ്ക്രിയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും പിടിപ്പുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയന്. മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ പണിയല്ല ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഈ പണി അവസാനിപ്പിക്കണം. മുഖ്യമന്ത്രിക്കു ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി ഈ ജോലി മാറ്റാര്‍ക്കെങ്കിലും നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ പേര് മരിക്കുമെന്നും ചെന്നിത്തല കോട്ടയത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കെവിന്റെ മരണത്തിനു പിന്നില്‍ ഡിവൈഎഫ്ഐക്കാരാണ്. പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായതുകൊണ്ടാണ് പോലീസ് അന്വേഷണം വൈകിയത്. ഡിവൈഎഫ്ഐക്കാര്‍ പോലീസില്‍ സ്വാധീനം ചെലുത്താനിടയുണ്ടെന്നും കേസ് തേച്ചുമായിച്ചു കളായാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
പാര്‍ട്ടിക്കു താത്പര്യമുള്ള കേസുകള്‍ മാത്രമാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. സംസ്ഥാനത്ത് ജനങ്ങളുടെ സമാധാന ജീവിതം നഷ്ടപ്പെട്ടു. രണ്ട് ജില്ലകളില്‍ നടന്ന സംഭവം ഡിവൈഎസ്പി അന്വേഷിച്ചാല്‍ എങ്ങനെ ശരിയാകുമെന്നും ചെന്നിത്തല ചോദിച്ചു. കെവിന്റെ മരണത്തില്‍ ഡിവൈഎസ്പിക്കും എസ്പിക്കും ഉത്തരവാദിത്വമുണ്ട്. കേസ് എഡിജിപി അന്വേഷിക്കണമെന്നും അന്വേഷണത്തില്‍ സുതാര്യത വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
