നിപാ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്കും പനി

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്ബ്ര താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയുടെ മക്കള്‍ക്കും പനി. പനി ബാധിച്ച്‌ ലിനിയുടെ രണ്ടു മക്കളെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ കുട്ടികള്‍ ചികിത്സ തേടിയത്. അഞ്ചും രണ്ടും വയസുള്ള റിഥുലും സിദ്ധാര്‍ഥുമാണ് ചികിത്സയിലുള്ളത്.

മാരകമായ നിപ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്ബ് രോഗിയെ പരിചരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്ബനോട സ്വദേശി ലിനി. താന്‍ പരിചരിച്ച സാബിത്ത് എന്ന രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്.

ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ഏതാനും ദിവസത്തെ ചികിത്സയ്ക്കിടെ തന്നെ മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.

ലിനിയുടെ മരണത്തെ തുടര്‍ന്ന് ഇവരുടെ രണ്ടു മക്കള്‍ക്കും സര്‍ക്കാര്‍ 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. മാത്രമല്ല ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *