ന്യൂഡല്‍ഹി: സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതിയില്‍ ഒരു ഭാഗം വേണ്ടെന്ന് വച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കാന്‍ തീരുമാനിച്ച കേരളം രാജ്യത്തിന് നല്ല മാതൃകയാണെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേരളത്തെ മാതൃകയാക്കി പെട്രോള്‍ വില കുറയ്‌ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം താത്പര്യങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില കുറയ്‌ക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നികുതി വരുമാനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തോട് ഇന്ധനനികുതി കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുത്തെ ധനമന്ത്രി അനുകൂലമായല്ല പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നികുതി കുറയ്‌ക്കാന്‍ കേരളം തയ്യാറായിരിക്കുന്നു. ഇക്കാര്യത്തില്‍ കേരളത്തിനെ നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ ഒന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ ലിറ്ററിന് ഒരു രൂപ കുറയ്‌ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതുവഴി സംസ്ഥാനത്തിന് 509 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള സന്ദേശമെന്ന നിലയ്‌ക്കാണ് വില കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
