വിവാഹസദ്യയ്ക്ക് പോത്തിനെ കശാപ്പ് ചെയ്തിടത്ത് പൊലീസ് ഷോ; എടുക്കടാ ഇറച്ചി സ്റ്റേഷനിലേക്കെന്ന് ആക്രോശം; വധുവിന്റെ പിതാവ് കുഴഞ്ഞു വീണു; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്; പുലിവാല്‍ പിടിച്ച്‌ ആറന്മുള പൊലീസ്

പത്തനംതിട്ട: വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതരുതെന്ന് പഴഞ്ചൊല്ലുണ്ട്. പോത്തിനെ വെട്ടിക്കൊണ്ടിരുമ്ബോള്‍ വരുന്ന പൊലീസിനോടും ഇങ്ങനെ ചൊല്ലിയിട്ട് കാര്യമില്ലെന്ന് നാരങ്ങാനത്തുകാര്‍ക്ക് മനസിലായത് കഴിഞ്ഞ മാസമാണ്. വിവാഹ സല്‍ക്കാരത്തിന് പോത്തിനെ കശാപ്പ് ചെയ്യുന്നത് പൊലീസ് തടഞ്ഞു. ഇറച്ചി സ്റ്റേഷനിലേക്ക് എടുക്കാനും ഉത്തരവിട്ടു. രക്തസമ്മര്‍ദം അധികരിച്ച വധുവിന്റെ അച്ഛന്‍ കുഴഞ്ഞു വീണു. വിവാഹത്തിന് ഭക്ഷണം വിളമ്ബുന്നത് വൈകി. വിവാഹപ്പിറ്റേന്ന് ശാരീരിക അവസ്ഥ മോശമായ വധുവിന്റെ അച്ഛന്‍ ബൈക്കില്‍ നിന്ന് വീണ് ആശുപത്രിയിലുമായി.

ഒടുവില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പൊലീസിനെതിരേ അന്വേഷണം തുടങ്ങി. ഒരിക്കല്‍ കൂടി പുലിവാല്‍ പിടിച്ചത് ആറന്മുള പൊലീസാണ്. കഴിഞ്ഞ മാസം അഞ്ചിന് നടന്ന സംഭവം പൊലീസിന്റെ പീഡനം തുടര്‍ന്നപ്പോഴാണ് പരാതിയായി മുഖ്യമന്ത്രിക്ക് പോയത്. എത്രയും വേഗം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. പത്തനംതിട്ട ഡിവൈഎസ്‌പി അന്വേഷണവും തുടങ്ങി. ചെറുകോല്‍ കാട്ടൂര്‍പേട്ട പുതുപ്പറമ്ബില്‍ ഷാജഹാനാണ് പരാതിക്കാരന്‍. ഏപ്രില്‍ അഞ്ചിന് നടന്ന ഷാജഹാന്റെ മകളുടെ വിവാഹത്തിനായി തലേദിവസം രണ്ടു പോത്തുകളെ സ്വന്തം പറമ്ബില്‍ കശാപ്പ് ചെയ്തിരുന്നു.

ഇറച്ചി തയാറാക്കുന്നതിനിടെ രാത്രി 12ഓടെ പട്രോളിങിനെത്തിയ ആറന്മുള സ്റ്റേഷനിലെ രണ്ട് പൊലിസുകാര്‍ പോത്തിനെ കശാപ്പു ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇറച്ചി ഉടന്‍ കവറിലാക്കി സ്റ്റേഷനിലെത്തിക്കാനും ആവശ്യപ്പെട്ടു. കശാപ്പ് ചെയ്ത രണ്ടു തൊഴിലാളികള്‍ക്കെതിരേ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. രംഗങ്ങള്‍ വീഡിയോയിലും പകര്‍ത്തി. വിവരമറിഞ്ഞ് ഷാജഹാനും സഹോദരന്‍ മജീദും സ്ഥലത്തെത്തിയെങ്കിലും ഭീഷണി മുഴക്കിയ ഉദ്യോഗസ്ഥര്‍ കേസെടുക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്നു.

ഇതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ ഷാജഹാന്‍ തളര്‍ന്നു വീണു. നാട്ടുകാരും ബന്ധുക്കളും എത്തിയതോടെ പിറ്റേന്ന് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ച്‌ പൊലിസുകാര്‍ മടങ്ങി. ഭയന്നുപോയ തൊഴിലാളികള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് ജോലി തുടര്‍ന്നത്. കല്യാണദിവസം ഉച്ചയ്ക്ക് 11.30ന് അതിഥികള്‍ക്ക് ഭക്ഷണം നല്‍കാനായിരുന്നു നിശ്ചയിച്ചിരുന്നത്. പൊലിസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഭക്ഷണം തയാറാക്കുന്നതും വിളമ്ബുന്നതും വൈകി. പൊലിസിന്റെ ഭീഷണിയും ഭക്ഷണം നല്‍കാന്‍ വൈകിയതും കല്യാണവീട്ടില്‍ പൊലിസ് കയറിയെന്ന പ്രചാരണവും തന്നെയും കുടുംബത്തേയും മാനസികമായി തളര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

മാനസികമായി തളര്‍ന്ന ഷാജഹാന്‍ തൊട്ടടുത്ത ദിവസം വാഹനാപകടത്തില്‍പ്പെട്ടു. ഏപ്രില്‍ 10ന് വീണ്ടും വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ വീടും പരിസരവും പരിശോധിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചത്രേ. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. പത്തനംതിട്ട ഡിവൈഎസ്‌പി എസ് റഫീഖ് ഇന്നലെ പരാതിക്കാരെ വിളിച്ചു വരുത്തി മൊഴിയെടുത്തു. ആറന്മുള സ്റ്റേഷനിലെ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *