ന്യൂഡല്‍ഹി: എയര്‍സല്‍- മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന് ആശ്വാസം. ജൂലായ് പത്ത് വരെ ചിദംബരത്തെ അറസ്‌റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് പട്യാല കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ നടപടികള്‍ക്കായി കേസ് ജൂലായ് പത്തിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് തന്നെ കാര്‍ത്തി ചിദംബരത്തോടും ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ചിദംബരത്തിന്റെ അറസ്‌റ്റ് കോടതി തടയുന്നത്.
മേയ് 30ന് കേസ് പരിഗണിക്കുന്ന ജൂണ്‍ അഞ്ച് വരെ ചിദംബരത്തിനെതിരെ നടപടികള്‍ എടുക്കരുതെന്ന് പട്യാല ഹൗസ് കോടതി എന്‍ഫോഴ്സ്‌മെന്റിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.എെ അറസ്‌റ്റ് ചെയ്‌തിരുന്നു.
യു.പി.എ അധികാരത്തില്‍ ഇരുന്ന കാലയളവില്‍ എയര്‍സെല്‍- മാക്‌സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് നേരിട്ട് അനുമതി നല്‍കിയതാണ് എന്‍ഫോഴ്സ്‌മെന്റ് അന്വേഷിക്കുന്നത്. ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ എെ.എന്‍.എക്‌സ് മീഡിയയുടെ ക്രമക്കേടുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് കാര്‍ത്തി ചിദംബരം ഇടപെട്ട് തടഞ്ഞിരുന്നുവെന്ന് സി.ബി.എെ നേരത്തെ കണ്ടെത്തിയിരുന്നു.
