കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ്: വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല ഇക്കാര്യം ഏറ്റുപറഞ്ഞത്. ഭാവിയില്‍ ഇത്തരം തീരുമാനങ്ങള്‍ രാഷ്ട്രീയകാര്യ സമതിയില്‍ ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത കലാപം അവസാനിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമതിയില്‍ കാണാന്‍ കഴിഞ്ഞത്. വിമര്‍ശകര്‍ മുഖ്യമായും ഉന്നംവെച്ച ഉമ്മന്‍ചാണ്ടി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

ഹൈക്കമാന്‍ഡിന്റെ നിയോഗവുമായി ആന്ധ്രാപ്രദേശിലേക്ക് പോകുന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഇന്ന് യാതൊരുവിധ പരിപാടികളും ഉണ്ടായിരുന്നില്ലെന്ന് പി. ജെ കുര്യന്‍ ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ വന്‍ വീഴ്ചയുണ്ടെന്നും അതിന് തെളിവ് നല്‍കാമെന്നും പി. ജെ കുര്യന്‍ സമിതിയ് യോഗത്തില്‍ പറഞ്ഞു. ഗൂഡാലോചന എഐസിസി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *