അച്ഛനാണ് പക്ഷേ അമ്മയുമാണ്; മകനെ പ്രസവിച്ച്‌ പാലൂട്ടി വളര്‍ത്തി ഒരച്ഛന്‍

ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച്‌ അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന ആശങ്കകളും പ്രതീക്ഷകളും വ്യത്യസ്തമാണ്. എന്നാല്‍ അമ്മയും അച്ഛനും ഒരാളായാലോ? അതെ ഇവിടെ അങ്ങനെയാണ് സ്വന്തം മകനെ പ്രസവിച്ചതും പാലൂട്ടി വളര്‍ത്തിയതും സെബാസ്റ്റ്യന്‍ തന്നെ.

അറ്റ്ലാന്റയില്‍ ഒരു ഉള്‍പ്രദേശത്താണ് സെബാസ്റ്റ്യനും ഭാര്യ ഏഞ്ചലും കഴിയുന്നത്. രണ്ടു പേരും ഭിന്നലിംഗക്കാര്‍. 24 കാരനായ സെബാസ്റ്റ്യന്‍ ജനിച്ചത് ജോര്‍ജിയയിലാണ്. അതും ഒരു സ്ത്രീയായി. എന്നാല്‍ ചെറുപ്പം മുതലേ തന്നില്‍ എന്തോ മാറ്റമുണ്ടെന്ന് സെബാസ്റ്റ്യന്‍ വിശ്വസിച്ചിരുന്നു. പ്രായമേറുന്തോറും വളര്‍ന്നു വരുന്ന മാറിടങ്ങളും ശരീരവും സെബാസ്‌റ്യനില്‍ നിറച്ചത് ആശങ്കകള്‍ മാത്രമായിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സെബാസ്റ്റ്യന്‍ ഒരു പുരുഷനാവാനുള്ള യാത്ര ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് അതിന് അവസാനമായത്. എല്ലാത്തിനും ഒടുവിലായി കഴിഞ്ഞ മാസം മാറിടങ്ങളും നീക്കം ചെയ്തു. തങ്ങളുടെ 20 മാസം പ്രായമുള്ള മകന്‍ ജാക്‌സന് ഒരു നല്ല കുട്ടിക്കാലം നല്‍കണം എന്നാണ് ഇവരുടെ ആഗ്രഹം.

ഭിന്നലിംഗക്കാരുടെ ഒരു സമ്മേളനത്തിലാണ് സെബാസ്റ്റ്യന്‍ 33 കാരിയായ ഏഞ്ചലിനെ കാണുന്നത്. 2016 ലാണ് ഇവര്‍ വിവാഹിതരായത്. ഒരു കുഞ്ഞ് എന്ന മോഹത്തില്‍ നിന്നാണ് അതിനെ സെബാസ്റ്റ്യന്‍ തന്നെ വഹിക്കട്ടെ എന്ന തീരുമാനം ഉണ്ടായത്.

ഇതിനായി ഇവര്‍ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചു. ഇരുവരുടെയും ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ അളവ് ക്രമപ്പെടുത്തനായിരുന്നു ഇത്. അങ്ങനെ സെബാസ്റ്റ്യന്‍ ഗര്‍ഭിണിയായി. ആദ്യ തവണ അലസി പോയി. രണ്ടാമത്തെ ശ്രമത്തിലാണ് വിജയിച്ചത്.

പലരും ഈ അവസരത്തില്‍ തങ്ങളെ വേദനിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചിരുന്നതെന്ന് ഇരുവരും പറയുന്നു. തങ്ങള്‍ ആരാണെന്ന് പുറത്തു അറിയിക്കാതെയായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്. അങ്ങനെ ജാക്‌സന്‍ പിറന്നു.

അവനെ മുലയൂട്ടി വളര്‍ത്തിയതും സെബാസ്റ്റ്യന്‍ ആയിരുന്നു. പലപ്പോഴും ഇത് ആളുകളുടെ ശ്രദ്ധ തങ്ങളില്‍ പതിയാന്‍ കാരണമായി. തന്റെ മാറിടങ്ങള്‍ മറയ്ക്കാന്‍ സെബാസ്റ്റ്യന്‍ പലപ്പോഴും കഷ്ടപ്പെട്ടു. മാറിടം മറയ്ക്കാന്‍ ഉള്ള ഇറുകിയ വസ്ത്രങ്ങള്‍ ഇതിനായി ഉപയോഗിച്ചു. മകന്‍ വളര്‍ന്നു വരുമ്ബോള്‍ പിതാവിനെ ഒരു പുരുഷനായി തന്നെ കാണണമെന്ന് സെബാസ്റ്റ്യന് നിര്‍ബന്ധം ഉണ്ടായിരുന്നു.

ആളുകള്‍ ഒരിക്കലും ഇതിന്റെ പേരില്‍ അവനെ കളിയാക്കരുത്. അങ്ങനെയാണ് മാറിടങ്ങള്‍ നീക്കി ശരിക്കും ഒരു പുരുഷനാകാന്‍ സെബാസ്റ്റ്യന്‍ ഒരുങ്ങിയത്. ഇപ്പോള്‍ രൂപത്തില്‍ സെബാസ്റ്റ്യന്‍ ശരിക്കും ഒരു പുരുഷന്‍ തന്നെയാണ്. ഇപ്പോള്‍ ഷര്‍ട്ട് ഇല്ലാതെയും പുറത്തിറങ്ങും. സെബാസ്റ്റ്യന്റെ ആത്മവിശ്വാസം വളരെയധികം ഉയര്‍ന്നതായി ഭാര്യയും പറയുന്നു.

ജാക്‌സന്‍ ലോകത്തെ അറിഞ്ഞു വളരണമെന്നും ഒരുപാട് സഞ്ചരിക്കണമെന്നുമാണ് മാതാപിതാക്കളുടെ ആഗ്രഹം. ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവരുടെ വീട്. ഭിന്നലിംഗത്തിന്റെ പേരില്‍ അയല്‍ക്കാര്‍ കുഞ്ഞിനെ നോവിക്കാന്‍ പാടില്ല എന്ന ചിന്തയാണ് ഇതിനു പിന്നില്‍. മകന് ഹോം സ്‌കൂളിങ് നല്‍കാനാണ് ഇവര്‍ ആലോചിക്കുന്നത്. മറ്റുള്ളവരുടെ കളിയാക്കലുകള്‍ ഏല്‍ക്കാതെ ജീവിതമൂല്യങ്ങള്‍ പഠിക്കാന്‍ ഇതുവഴി അവനു സാധിക്കും എന്നവര്‍ കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *