കരിപ്പൂര്‍ വിമാനത്താവളം: ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഫയര്‍ സര്‍വീസ് ഗ്രേഡ് കാറ്റഗറി ഒമ്ബതില്‍ നിന്ന് ഏഴാക്കി മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. ഇത് കരിപ്പൂര്‍ വിമാനത്താവളത്തെ തരം താഴ്‌ത്താനുള്ള നടപടിയാണെന്ന ആശങ്ക വ്യാപകമായിട്ടുണ്ടെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി. ഇത് മൂലം വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള സാദ്ധ്യത ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്. കേരളത്തിലെ, പ്രത്യേകിച്ചും മലബാര്‍ മേഖലയിലെ പ്രവാസികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന വിമാനത്താവളാണ് കരിപ്പൂര്‍ വിമാനത്താവളം. അവരോടുള്ള കടുത്ത വിവേചനമാണിത്.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം നേരത്തെയുണ്ടായിരുന്ന കാറ്റഗറി ഒന്‍പതില്‍ നിന്ന് ഏഴ് ആയി കുറച്ചതോടെ 180 പേര്‍ക്ക് യാത്രചെയ്യാവുന്ന എയര്‍ ക്രാഫ്റ്റുകള്‍ക്ക് മാത്രമേ ഇനിമുതല്‍ കരിപ്പൂരില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുകയുള്ളു. ബോയിംഗ് 747 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്കിറങ്ങാന്‍ സാധിക്കില്ല. രാജ്യത്തിന്റെ സമ്ബദ് ഘടനക്ക് കാര്യമായ സംഭാവന ചെയ്യുന്നതും പൊതുമേഖലയിലുള്ളതുമായ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ഈ നീക്കം ഉടനടി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *