ന്യൂഡല്‍ഹി: നഷ്ടത്തില്‍ കൂപ്പുകുത്തി നില്ക്കുന്ന പൊതുമേഖല വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയുടെ ഓഹരി തത്കാലം വില്‍ക്കേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ തത്കാലം പിന്മാറിയത്. എയര്‍ ഇന്ത്യയുടെ ഓഹരി പൂര്‍ണമായും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നേരത്തെ കുറച്ച് ഓഹരി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
48,000 കോടി രൂപയുടെ കടബാദ്ധ്യതകളുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇതില്‍ 76 ശതമാനം വിറ്റഴിക്കാനാണ് നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം നേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.
കമ്ബനിയുടെ ഉപ ബ്രാന്‍ഡുകളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ഇന്ത്യ സാറ്റ്സ് എന്നിവയുടെ ഓഹരികളും വിറ്റഴിക്കാനായിരുന്നു പദ്ധതി. എയര്‍ ഇന്ത്യയുടെയും സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സാറ്റ്സിന്റെയും സംയുക്ത സംരംഭമാണ് എയര്‍സാറ്റ്സ്. ഇന്‍ഡിഗോ, ജെറ്ര് എയര്‍വെയ്സ് എന്നിവ എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, താത്പര്യപത്രം ക്ഷണിക്കുന്നതിന് മുമ്ബേ ഇരു കമ്ബനികളും പിന്മാറുകയായിരുന്നു.
