മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്നയെ മലപ്പുറത്തെ കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് വീണ്ടും പാര്‍ക്കിലെത്തി അന്വേഷണം തുടങ്ങി. പാര്‍ക്കിന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് പൊലീസ് എത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടും പൊലീസ് പാര്‍ക്കില്‍ പരിശോധന നടത്തിയിരുന്നു.
പാര്‍ക്കില്‍ കണ്ടത് ജസ്നയെ അല്ലെന്നാണ് മാനേജരും ജീവനക്കാരും പൊലീസിനോട് പറഞ്ഞത്. സി.സി ടിവി ദൃശ്യങ്ങളില്‍ ജസ്‌നയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മേയ് മൂന്നിനു രാവിലെ മുതല്‍ വൈകിട്ട് വരെ കോട്ടക്കുന്ന് പാര്‍ക്കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജസ്നയാണെന്നാണ് ചില ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ജസ്‌നയെ അല്ല പാര്‍ക്കില്‍ കണ്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. എന്നാല്‍ ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
മൂന്ന് ആണ്‍കുട്ടികളും മറ്റൊരു പെണ്‍കുട്ടിയേയുമാണ് പാര്‍ക്കില്‍ കണ്ടത്. ദീര്‍ഘ ദൂര യാത്രയ്ക്കു ശേഷമെന്നു തോന്നിക്കും വിധം വലിയ രണ്ട് ബാഗുകളുമായാണ് പെണ്‍കുട്ടികള്‍ എത്തിയത്. ഇവര്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു. ഇതിനിടയില്‍ ജസ്നയെന്ന് സംശയിച്ച പെണ്‍കുട്ടി കരയുകയും പാര്‍ക്കിലെ ജീവനക്കാരന്‍ ഇതേപ്പറ്റി അവരോട് അന്വേഷിക്കുകയും ചെയ്തു. പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പെണ്‍കുട്ടി മറുപടി നല്‍കിയത്. കോട്ടക്കുന്നില്‍ ഉണ്ടായിരുന്ന പ്രദേശത്തുകാരനായ യുവാവും ഈ പെണ്‍കുട്ടി ജസ്നയാണെന്ന് സംശയം ഉന്നയിച്ചിരുന്നു. യുവാവ് എടുത്ത സെല്‍ഫിയില്‍ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെട്ടിരുന്നു. ചിത്രം അവ്യക്തമാണെങ്കിലും ഇത് ജസ്നയല്ലെന്നാണ് നിഗമനം.
