പത്തനംതിട്ട സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ ജസ്ന മരിയ ജയിംസിന്‍റെ തിരോധാനം സംബന്ധിച്ച പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സഹോദരന്‍ ജയ്സിന്റെ ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും. ഇപ്പോഴുള്ള പൊലീസ് അന്വേഷണം തൃപ്തികരമെന്ന് സി.ബി.ഐ ഹൈകോടതിയില്‍ വ്യക്തമാക്കി.
എരുമേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുതിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധ്യമായ എല്ലാ തരത്തിലും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. എവിടെയാണെന്ന് വ്യക്തമായ സുചനയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സി.സി.ടി.വിയില്‍ കണ്ടത് ജസ്ന ആണെന്ന് ഉറപ്പില്ലെന്ന് ജസ്നയുടെ സഹോദരന്‍ ജയ്സ് വ്യക്തമാക്കി.
ജസ്ന മറിയ ജയിംസിനു വേണ്ടി നല്കിയ ഹേബിയസ് കോര്‍പസ് ഹരജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ജസ്നയുടെ സഹോദരന്‍ ജയ്സും അഡ്വ. ഷോണ്‍ ജോര്‍ജും നല്കിയ ഹരജികളാണ് ഡിവിഷന് ബെഞ്ച് തള്ളിയത്.
