മാനസിക രോഗിയാക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് നീനു

കോട്ടയം: തന്നെ മാനസിക രോഗിയാക്കാനുള്ള കുടുംബത്തിന്റെ ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ ഭാര്യ നീനുവിന്റെ പ്രതികരണം. കെവിനെ തട്ടിക്കൊണ്ട് പോയത് മുതലുള്ള കാര്യങ്ങളെല്ലാം അമ്മയ്‌ക്കറിയാം. കെവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് അമ്മയുടെ നേതൃത്വത്തിലാണ്. മനോരോഗത്തിന് ചികിത്സ തേടിയെന്ന അമ്മയുടെ വാദം തെറ്റാണ്. എന്നാല്‍ ഒരിക്കല്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് കൗണ്‍സിലിംഗിന് പോയിട്ടുണ്ടെന്നും നീനു വ്യക്തമാക്കി. മകളെ മനോരോഗത്തിന് ചികിത്സിച്ചിട്ടുണ്ടെന്ന അമ്മ രഹനയുടെ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു നീനു.

കെവിനുമായി മകള്‍ക്ക് അടുപ്പമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും കെവിന്‍ ശല്യപ്പെടുത്തിയതായി മകള്‍ പറഞ്ഞിട്ടുണ്ടെന്നും അമ്മ രഹന മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മകളുടെ സന്തോഷമായിരുന്നു തനിക്ക് വലുത്. ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. നീനുവിനോട് അടുപ്പം കാണിക്കുന്നവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. നീനുവിന്റെ ഇരുപതാം പിറന്നാളിന് ഒരു സ്കൂട്ടി വാങ്ങിക്കൊടുത്തിരുന്നു.

മറ്റൊരിക്കല്‍ ഡയമണ്ടിന്റെ മോതിരവും മാലയും വാങ്ങിക്കൊടുത്തു. ഇതൊന്നും ഇപ്പോള്‍ നീനുവിന്റെ കൈയില്‍ ഇല്ലെന്നും രഹ്ന പറഞ്ഞു. കെവിന്റെ വീട്ടില്‍ പോയിരുന്നു. അപ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

മകളെ ഒന്നു കാണാന്‍ സമ്മതിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അനുവദിച്ചില്ലെന്നും നീനു ഹോസ്റ്റലില്‍ ആണെന്നുമാണ് അവര്‍ പറഞ്ഞതെന്നും രഹ്‌ന വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *