ഇന്ത്യയില്‍ നിന്നുള്ള ആദ്യഹജ്ജ് സംഘം മദീനയിലെത്തി; സംഘത്തില്‍ 2749 പേര്‍; വരവേല്‍പ്പുമായി ഹജ്ജ് മന്ത്രാലയം

മദീന: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രവാചകനഗരിയായ മദീനയില്‍ വരവേല്‍പ്പ്. ഡല്‍ഹിയില്‍നിന്നുള്ള ആദ്യ തീര്‍ത്ഥാടകസംഘമാണ് മദീനയില്‍ എത്തിയത്. തീര്‍ത്ഥാടകരെ ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരും ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദും മലയാളി സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും സന്നിഹിതരായിരുന്നു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.50ന് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്ന ഡല്‍ഹിയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനം അരമണിക്കൂര്‍ നേരത്തേ എത്തി. സൗദി എയര്‍ലൈന്‍സിന്റെ നാലും എയര്‍ ഇന്ത്യയുടെ അഞ്ചും നാസ് എയറിന്റെ ഒരു വിമാനവും ശനിയാഴ്ച ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്ന് തീര്‍ത്ഥാടകരുമായി മദീനയിലെത്തി.

ഡല്‍ഹി, ലഖ്‌നൗ, ശ്രീനഗര്‍, ഗയ, ഗുവാഹാട്ടി എന്നിവിടങ്ങളില്‍നിന്ന് 2749 തീര്‍ത്ഥാടകരാണ് ശനിയാഴ്ച മദീനയിലെത്തിയത്. മസ്ജിദുന്നബവിക്ക് സമീപം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. മലയാളികളുടെ നേതൃത്വത്തിലുള്ള മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം തീര്‍ത്ഥാടകരെ ഈന്തപ്പഴവും പുണ്യതീര്‍ത്ഥമായ സംസവും നല്‍കി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *