തിരുവനന്തപുരം :ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയില്‍. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശന അനുമതി നല്‍കണം, അല്ലാത്തപക്ഷം മൗലിക അവകാശങ്ങളുടെ ലംഘനമായിരിക്കും സംഭവിക്കുകയെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചു. അഡ്വ. ജയദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിക്കുന്നത്.
അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിരീക്ഷണം കോടതി നടത്തിയത്. ക്ഷേത്രത്തിലെ നിയമപരമായ കാര്യങ്ങള്‍ മാത്രമാകും പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍, ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ നിരത്തി അവ കോടതിക്ക് ബോധ്യമാകുന്ന രീതിയില്‍ തെളിയിക്കണമെന്നും സുപ്രീംകോടതി നിലപാട് എടുക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.
