കോട്ടയം: സംസ്ഥാനത്തുടനീളം കാലവര്‍ഷം ദുരന്തം വിതച്ച സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാര്‍ഷിക മേഖലക്ക് വന്‍ തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്കുള്ള വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ കര്‍ഷകരെയാണ് കാലവര്‍ഷം ഏറെ ബാധിച്ചത്. നാമമാത്രമായ ഭൂമിയില്‍ കൃഷി ചെയ്ത് ഉപജീവനം കഴിച്ചിരുന്ന കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെരുമഴ ദുരിതം വിതയ്ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും സര്‍ക്കാര്‍ കര്‍ഷകരെ തിരിഞ്ഞു നോക്കാന്‍ തയാറായിട്ടില്ല. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സഹായം ലഭിക്കുന്നതു വരെ ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കരുത്. കാര്‍ഷിക കടങ്ങളുടെ മോറട്ടോറിയവും സൗജന്യ റേഷനും സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണെന്നും കെ.എം.മാണി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
