വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍,​ മൂന്നാമത്തെ ബന്ദിയും രക്ഷപ്പെട്ടു

കല്പറ്റ: വയനാട്ടില്‍ മേപ്പാടിക്കടുത്ത കള്ളാടിയില്‍ എമറാള്‍ഡ് എസ്റ്റേറ്റിലെ തൊള്ളായിരം എന്ന സ്ഥലത്ത് മാവോയിസ്റ്റ് സംഘത്തിനായി പൊലീസും തണ്ടര്‍ ബോള്‍ട്ടും തെരച്ചില്‍ ആരംഭിച്ചു. അന്യസംസ്ഥാനക്കാരായ നിര്‍മ്മാണ തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ഇന്നലെ ബന്ദികളാക്കിയതിനെ തുടര്‍ന്നാണ് ശക്തമായ തെരച്ചില്‍ നടത്തുന്നത്. റിസോര്‍ട്ട് നിര്‍മ്മാണ സ്ഥലത്ത് ബന്ദികളാക്കിയ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നാമത്തെയാളും രാത്രി പന്ത്രണ്ട് മണിയോടെ രക്ഷപ്പെട്ടു. രണ്ട് തൊഴിലാളികള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു.

ഇന്നലെ വൈകിട്ട് മാവോയിസ്റ്റുകളെ കണ്ടയുടന്‍ ജോലി ചെയ്യുകയായിരുന്ന നാലുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. മൂന്ന് പേരെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. അലാവുദ്ദീന്‍, കാത്തിം, മക്ബൂര്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബന്ദിയാക്കിയത്. ഇതില്‍ അലാവുദ്ദീനാണ് രാത്രി പന്ത്രണ്ടോടെ രക്ഷപ്പെട്ട് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഇവര്‍ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.

ആറംഗ സംഘമാണെന്നും നാലംഗസംഘമാണെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴിയും ഇവര്‍ പൊലീസിന് നല്കിയിരുന്നു. മാവോയിസ്റ്റുകള്‍ എസ്റ്റേറ്റ് ഉടമയോട് പണം ആവശ്യപ്പെട്ടുവെന്ന് പറഞ്ഞെങ്കിലും ഇവരെല്ലാം രക്ഷപ്പെട്ടുവരുന്ന സ്ഥിതിയാണുണ്ടായത്. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തങ്ങളെ ബന്ദിയാക്കിയതെന്നാണ് ആദ്യം രക്ഷപ്പെട്ടെത്തിയ തൊഴിലാളി പറഞ്ഞത്. നിലമ്ബൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡിവൈ. എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. കള്ളാടിയും പരിസര പ്രദേശത്തും മാവോയിസ്റ്റുകള്‍ക്കായി ഇന്ന് രാവിലെയാണ് തെരച്ചില്‍ ആരംഭിച്ചത്. കാലത്ത് കൂടുതല്‍ തണ്ടര്‍ബോള്‍ട്ട്, പൊലീസ് സംഘം സ്ഥലത്തെത്തി. ആറ് വാഹനങ്ങളിലെത്തിയ 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘമാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതുവഴി പോകുമ്ബോള്‍ എസ്റ്റേറ്റില്‍ കയറിയെന്നേയുള്ളുവെന്നും തങ്ങള്‍ ആരെയും ഒന്നും ചെയ്യില്ലെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായി രക്ഷപ്പെട്ട തൊഴിലാളികള്‍ വെളിപ്പെ‌ടുത്തി. മാര്‍ബിള്‍ ജോലിക്കായാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ എമറാള്‍ഡ് എസ്റ്റേറ്റിലെ റിസോര്‍ട്ടില്‍ എത്തിയത്. ഇവര്‍ ഇവിടെ താമസിച്ചു ജോലി ചെയ്തുവരികയായിരുന്നു. കുത്തനെയുള്ള കുന്നിന്‍ മുകളിലാണ് റിസോര്‍ട്ട് കെട്ടിടം പ്രവൃത്തി നടക്കുന്നത്. പ്രധാന റോഡില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം ഉള്ളിലാണിത്. രാത്രിയോടെ തന്നെ തണ്ടര്‍ബോള്‍ട്ട് സംഘം എസ്റ്റേറ്റില്‍ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തെരച്ചലിന് ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഇന്ന് രാവിലെയാണ് തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയാണുള്ളത്.

പൊലീസ് നീക്കം കരുതലോടെ
സായുധസംഘമാണെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും കരുതലോടെയാണ് നീങ്ങുന്നത്. എസ്റ്റേറ്റിലും അതോട് ചേര്‍ന്ന വനമേഖലയിലുമാണ് പരിശോധന. നിലമ്ബൂര്‍ ആക്രമണത്തിന് ശേഷം പൊലീസിന് നേരെ ആസൂത്രിത അക്രമം മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടാകാമെന്ന സാധ്യത കൂടി പൊലീസിന് മുന്നിലുണ്ട്. പൊലീസ് വ്യക്തമായ വിവരം മാദ്ധ്യമങ്ങളോട് പറയാന്‍ ഇതേവരെ തയ്യാറായിട്ടില്ല. വയനാട്ടുകാരനായ സോമന്‍, സുന്ദരി, ചന്ദ്രു, മൊയ്തീന്‍ എന്നിവരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉള്ളതെന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ചുരത്തിന് താഴെ പുതുപ്പാടിയിലും പരിസരത്തും എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുപ്പാടിയിലെ ഒരു വീട്ടില്‍ എത്തി ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയും അരിയും മറ്റും ശേഖരിച്ച്‌ മടങ്ങിയതായാണ് റിപ്പോര്‍ട്ട്. നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട നിലമ്ബൂര്‍ വനത്തിന് അടുത്ത പ്രദേശമാണിത്. വളരെ വേഗം നിലമ്ബൂര്‍ വനത്തിലേക്ക് കടക്കാമെന്നുള്ളത് കൊണ്ടുതന്നെ മാവോയിസ്റ്റ് സംഘം ഇവിടേക്ക് നീങ്ങിയിരിക്കുമോയെന്ന സംശയവും പൊലീസ് സംഘത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *