ഷാജഹാന്‍പൂര്‍: നിങ്ങള്‍ ഒന്നിച്ചാലും താമര വിരിയുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ ആശ്ലേഷിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. അവിശ്വാസ പ്രമേയം എന്തിനാണെന്ന് താന്‍ പ്രതിപക്ഷത്തോട് ചോദിച്ചെന്നും മറുപടി ഇല്ലാതായ രാഹുല്‍ അപ്പോള്‍ തന്നെ ‘അനാവശ്യമായി’ ആശ്ലേഷിക്കുകയായിരുന്നെന്നുമാണ് മോദിയുടെ വാദം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് നിരവധി പാര്‍ട്ടികളാണ് ബിജെപിക്കെതിരെ ഒന്നിക്കുന്നത്. എന്നാല്‍, എത്ര പാര്‍ട്ടികള്‍ ഒന്നിച്ചാലും 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിഹ്നമായ താമര വിരിയുക തന്നെ ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒരുമിച്ച് അണിനിരക്കുന്നത് തങ്ങള്‍ അവസരമായാണ് കാണുന്നത്, മോദി കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരേയും യുവാക്കളേയും കര്‍ഷകരേയും അവഗണിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷവും പ്രധാനമന്ത്രിയുടെ കസേരയ്ക്കായി ഓടിനടക്കുകയാണ്. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുമായി ചേരുമ്ബോള്‍ അതൊരു ചെളിക്കുഴിയാകും. താമര വിരിയാന്‍ ഏറ്റവും അനുയോജ്യമായതും ഈ ചെളിക്കുഴി തന്നെയാണെന്നും മോദി പറഞ്ഞു.
