കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാര്‍. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ശനിയാഴ്ച രാത്രി മാവോയിസ്റ്റുകളെത്തിയതായും ഇവര്‍ രാത്രി ഇവിടെ ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. ഇതേതുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടും പോലീസും മേഖലയില്‍ തെരച്ചില്‍ ശക്തമാക്കി.
മേപ്പാടി തൊള്ളായിരത്തിലെ എമറാള്‍ഡ് എസ്റ്റേറ്റില്‍ വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് വിക്രം ഗൗഡ, സോമന്, ഉണ്ണിമായ, സന്തോഷ് എന്നിവരടങ്ങുന്ന മാവോയിസ്റ്റുകളാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടഞ്ഞുവച്ചിരിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ഫോട്ടോകള്‍ കാണിച്ചാണ് പോലീസ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്.
പട്ടാളവേഷത്തില്‍ സായുധരായി തോട്ടത്തിലെത്തിയ മാവോവാദികളെ കണ്ടെത്തുന്നതിനു തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം തൊള്ളായിരത്തിലും സമീപ വനപ്രദേശത്തും തെരച്ചില്‍ നടത്തിവരികയാണ്.
എമറാള്‍ഡ് എസ്റ്റേറ്റില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിനു സമീപം പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച മാവോയിസ്റ്റുകള്‍ 20 കിലോ അരിയുമായാണ് കടന്നതെന്നു കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു. അവസാനത്തെ തൊഴിലാളിയും പിടിയില്‍നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ മാവോവാദികള്‍ രണ്ടു തവണ ആകാശത്തേക്കു നിറയൊഴിച്ചതായി അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് നാലംഗ മാവോവാദി സംഘം എമറാള്‍ഡ് എസ്റ്റേറ്റില്‍ കെട്ടിട നിര്‍മാണ സ്ഥലത്തെത്തിയത്.
