പിടിമുറുക്കി എക്‌സൈസ്; ജിഎന്‍പിസി അഡ്മിന്‍ അജിത്തിനെ ഉടന്‍ നാട്ടിലെത്തിക്കും

കൊച്ചി: മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്ന കാരണം കാണിച്ച്‌ ഫേസ്ബുക്ക് കൂട്ടായ്മ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിനെതിരെ കേസെടുത്ത എക്‌സൈസ് കടുത്ത നടപടികള്‍ തുടരുന്നു. അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ഇയാള്‍ വിദേശത്തേക്ക് കടന്നതായി അദ്ദേഹം സ്ഥിരീകരിച്ചു.

എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തോണിന്റെ പ്രചാരണത്തിന് എറണാകുളം മഹാരാജാസ് കോളജില്‍ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഗ്രൂപ്പിന്റെ മറ്റ് അഡ്മിന്‍മാരായ 36 പേര്‍ക്ക് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിലായ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. അജിത്ത് കുമാറും ഭാര്യ വിനീതയും മൂന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയെയാണ് ഇരുവരും സമീപിച്ചത്. എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അജിത് കുമാറും ഭാര്യ വിനീതയും ഒളിവിലായിരുന്നു.

നിലവില്‍ 20 ലക്ഷത്തോളം പേരാണ് ജിഎന്‍പിസിയില്‍ അംഗങ്ങളായുള്ളത്. ഗ്രൂപ്പില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാന്‍ അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായി എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജിഎന്‍പിസി ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ ഫേസ്ബുക്ക് തള്ളിയിരുന്നു. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിന് അപേക്ഷ നല്‍കിയത്. എന്നാല്‍, തങ്ങളുടെ പോളിസി ഗൈഡന്‍സ് ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ഫേസ്ബുക്ക് സ്വീകരിച്ചത്.

നിലവില്‍ ഗ്രൂപ്പ് അഡ്മിന് എതിരെ ജാമ്യമില്ലാ കുറ്റമാണ് എക്സൈസ് നിര്‍ദ്ദേശ പ്രകാരം പോലീസ് ചുമത്തിയിരിക്കുന്നത്. ടിക്കറ്റ് വെച്ച്‌ മദ്യപാനത്തിനായി പാര്‍ട്ടി നടത്തിയെന്നും അനധികൃതമായി മദ്യം വിറ്റുവെന്നുമുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *