ബിജെപി എംഎല്‍എയ്ക്ക് പത്തൊന്‍പതുകാരിയുമായി ബന്ധമെന്ന് ഭാര്യ; സസ്പെന്‍ഷന് ശുപാര്‍ശ

കശ്മീര്‍: സൈനികന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് പിന്നാലെ കശ്മീരിലെ ബിജെപി എംഎല്‍എ ഗഗന്‍ ഭഗതിനെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കും. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അച്ചടക്ക സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഗഗന്‍ ഭഗതിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാണ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ. നിലവില്‍ ആര്‍ എസ് പുരയില്‍ നിന്നുള്ള ബിജെപി എംഎല്‍ എയാണ് ഗഗന്‍ ഭഗത്. ഗഗന്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി പെണ്‍കുട്ടി നിഷേധിച്ചെങ്കിലും പെണ്‍കുട്ടിയുമായി അവിഹിതം ബന്ധമുണ്ടെന്നാരോപിച്ച് എംഎല്‍എയുടെ ഭാര്യതന്നെ രംഗത്തെത്തുകയായിരുന്നു.

ജൂണ്‍ 24ാം തീയതിയാണ് വിമുക്തഭടനായ പിതാവ് പത്തൊന്‍പതുകാരിയായ തന്റെ മകളെ ആര്‍ എസ് പുരയിലെ ബിജെപി എംഎല്‍എ തട്ടിക്കൊണ്ടുപോയതായി പരാതി ഉന്നയിച്ചത്. പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ എത്തിയപ്പോള്‍ കുട്ടി എംഎല്‍എയ്‌ക്കൊപ്പം പോയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പിന്നീട് എംഎല്‍എയുടെ ഒപ്പമുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു.

ആരോപണം നിഷേധിച്ച് പെണ്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നു. വീട്ടുകാര്‍ പഠിപ്പില്ലാത്ത ഒരാളുമായി തന്റെ വിവാഹം ഉറപ്പിച്ചെന്നും ഇതില്‍ പ്രതിഷേധിച്ചാണ് വീട് വിട്ടിറങ്ങിയതെന്നുമായിരുന്നു പെണ്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. പിഡിപി അനുഭാവികളായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്റെ പ്രതിച്ചായ തകര്‍ക്കാന്‍ മനപ്പൂര്‍വ്വം പരാതി കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് ഗഗന്‍ ഭഗതും ആരോപിച്ചു.
ഗഗന്‍ ഭഗത് ആരോപണങ്ങള്‍ നിഷേധിച്ചതിന് പിന്നാലെ ഭര്‍ത്താവിന് പെണ്‍കുട്ടിയുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെയും 2 മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് ഈ പെണ്‍കുട്ടിക്കൊപ്പമാണെന്നും ചൂണ്ടിക്കാട്ടി എംഎല്‍എയുടെ ഭാര്യ മോണിക്ക ശര്‍മ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിയാണ് മോണിക്ക ശര്‍മ. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ നേതൃത്വവും ഇടപെടണമെന്നാവശ്യപ്പെട്ട് മോണിക്ക കത്ത് നല്‍കി. ഇതേ തുടര്‍ന്നാണ് പരാതി പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചത്.

ഗഗന്‍ ഭഗതിനെ 3 മാസത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് അച്ചടക്ക സമിതി അധ്യക്ഷന്‍ സുനില്‍ സേതി പറഞ്ഞു. ഒരു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കണം. ഇല്ലാത്ത പക്ഷം ഗഗന്‍ ഭഗതിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *