ബീഹാറിലെ അനാഥാലയത്തില്‍ കുട്ടികളെ പീഡിപ്പിച്ചത് മയക്കുമരുന്ന് നല്‍കി

പാട്ന: ബീഹാറിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അനാഥാലയത്തില്‍ലെ കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങള്‍. ഭക്ഷണത്തില്‍ മയക്കുമരുന്നും മറ്റ് ലഹരി വസ്തുക്കളും കലര്‍ത്തി കുട്ടികളെ അബോധാവസ്ഥയില്‍ ആക്കിയ ശേഷമായിരുന്നു ക്രൂരമായി പീഡിപ്പിച്ചതെന്ന് പലരും മൊഴി നല്‍കി. ഏഴിനും 18നും ഇടയിലുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. ആകെയുണ്ടായിരുന്ന 44 കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ഭക്ഷണത്തില്‍ മയക്കുമരുന്നും ലഹരി മരുന്നുകളും കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു രീതി. അബോധാവസ്ഥയിലും അര്‍ദ്ധബോധാവസ്ഥയിലുമാകുന്ന കുട്ടികളെ പിന്നീടാണ് പീഡിപ്പിക്കുന്നത്. മരുന്നിന്റെ ആലസ്യത്തിലായതിനാല്‍ തന്നെ കുട്ടികള്‍ക്ക് എതിര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കും. അനാഥാലയത്തിലെ ബ്രജേഷ് എന്നയാളുടെ മുറിയില്‍ കിടന്ന് ഉറങ്ങാന്‍ തങ്ങളോട് ആന്റിമാര്‍ (ജീവനക്കാരികള്‍)​ പറയുമായിരുന്നെന്നും അടുത്ത ദിവസം രാവിലെ ഉണര്‍ന്നെണീക്കുന്പോള്‍ പൂര്‍ണ നഗ്നരായിരുന്നെന്നും കുട്ടികള്‍ മൊഴി നല്‍കി. പീഡനത്തില്‍ നിന്ന് രക്ഷനേടുന്നതിനായി പലപ്പോഴും കുപ്പിച്ചില്ലും മറ്റും ഉപയോഗിച്ച്‌ കൈ,​ കാലുകളില്‍ മുറിവുണ്ടാക്കുമായിരുന്നെന്നും കുട്ടികള്‍ വെളിപ്പെടുത്തി. ‘കിഡെ കി ദവായി’ എന്നാണ് മയക്കുമരുന്ന് അറിയപ്പെടുന്നത്. ഈ മരുന്ന് ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പിന്നെ അബോധാവസ്ഥയിലായിരിക്കും. രാവിലെ ഉണര്‍ന്നെണീക്കുന്പോള്‍ ദേഹമാസകലം വേദന കൊണ്ട് പുളയുകയായിരിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

കുട്ടികളെ കൊണ്ട് കഠിനമായി പണിയെടുപ്പിക്കുന്നതും പതിവാണ്. പണി ചെയ്യാന്‍ വിസമ്മതിച്ചാല്‍ തൊഴിക്കുകയും തിളച്ച വെള്ളം ശരീരത്ത് ഒഴിക്കുകയും ചെയ്യും. മരുന്നുകള്‍ കഴിക്കാന്‍ വിസമ്മതിച്ചാല്‍ ബ്രജേഷ് സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുന്നതും പതിവായിരുന്നെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ സോഷ്യല്‍ ഓഡിറ്റിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഒരു പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി മര്‍ദ്ദിച്ച്‌ കൊന്ന് കത്തിച്ചുവെന്നും മൃതദേഹം അഭയകേന്ദ്രത്തിന്റെ മുറ്റത്തു തന്നെ കുഴിച്ചു മൂടിയെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. മൊഴി പുറത്തുവന്നതിനെ തുടര്‍ന്ന് അഭയകേന്ദ്രത്തിന്റെ മുറ്റം കുഴിച്ച്‌ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. കേസില്‍ ഇതുവരെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *