മക്കയില്‍ അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

സൗദി: സൗദിയില്‍ അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രത്യേക സുരക്ഷ വിഭാഗം വ്യക്തമാക്കി. അനധികൃതമായി എത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ചെയ്തു കൊടുക്കുന്നവരുടെ വാഹനങ്ങളും സുരക്ഷാ വിഭാഗം കണ്ടുകെട്ടുന്നുണ്ട്.

ഹജ്ജ് സീസണായതോടെ അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാനാകില്ല. അനുമതി പത്രമില്ലാതെ ഹജ്ജ് ചെയ്യാന്‍ ശ്രമിക്കുന്നത് കുറ്റകരവും, ശിക്ഷാര്‍ഹവുമാണ്. ശിക്ഷ വിധിക്കാന്‍ പ്രത്യേക സീസണല്‍ കമ്മറ്റിക്ക് രൂപം നല്‍കിയതായി ജനറല്‍ ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അര്‍ദ്ധ ജുഡീഷ്യറി അധികാരമുളളതാണ് ഈ കമ്മറ്റി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കമ്മിറ്റി. നിയമലംഘകര്‍ക്ക് ഉടനടി ശിക്ഷ വിധിക്കാനും ഈ കമ്മിറ്റിക്ക് അധികാരമുണ്ട്.

അനുമതി പത്രമില്ലാതെ തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്ക് 15 ദിവസം വരെ തടവാണ് ശിക്ഷ വിധിക്കുന്നത്. പുറമെ വണ്ടിയിലെ ഓരോ തീര്‍ത്ഥാടകനും 10,000 റിയാല്‍ വീതം പിഴയുമൊടുക്കണം. വാഹനയുടമ വിദേശിയാണെങ്കില്‍ ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. ഒപ്പം സൗദിയിലേക്ക് ആജീവനാന്ത വിലക്കുമുണ്ടാകും. ഇവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും.

സ്വദേശികളാണ് നിയമ ലംഘനം നടത്തുന്നതെങ്കില്‍ ഓരോ തവണയും ശിക്ഷ വര്‍ധിക്കും. നിയമവ്യവസ്ഥകള്‍ പാലിച്ച്‌ കൊണ്ട് പൊതുജനങ്ങള്‍, വിശ്വാസികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കണമെന്ന് ജവാസാത്ത് വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *