ചെന്നൈ: ”എഴുന്തുവാ… എഴുന്തു വാ എന്‍ തലൈവരേ…” എന്ന് ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്കു മുന്നില്‍ വിലപിച്ച തമിഴ് ജനത ഇന്നലെ വൈകിട്ട് മുതല്‍ ആശ്വാസത്തിലാണ്. അവരുടെ തലൈവര്‍ കരുണാനാധി രോഗശയ്യയില്‍ ചാരിയിരിക്കുന്ന ചിത്രം പുറത്തു വന്നിരിക്കുന്നു. അതു കണ്ണുകള്‍ പാതി തുറന്ന ചിത്രം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തിയപ്പോഴാണ് അദ്ദേഹത്തെ കരുണാനിധിക്ക് അടുത്തേക്ക് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ കൊണ്ടു പോയത്. ഈ ഒരു ചിത്രത്തിന് വ്യാപക പ്രചരണം നല്‍കുക വഴി രാഷ്ട്രീയമായ നേട്ടം കൂടി ഡി.എം.കെ ഉണ്ടാക്കിയിരിക്കുകയാണ്. ഒന്ന് കലൈഞ്ജരുടെ ആരോഗ്യകാര്യത്തില്‍ സുതാര്യമായിട്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. രണ്ട് ഡി.എം.കെയെ ഇനി സ്റ്രാലിന്‍ തന്നെ നയിക്കും.
ജയലളിത ആശുപത്രിയില്‍ ദീര്‍ഘനാള്‍ കിടന്നപ്പോഴൊന്നും ഇത്തരത്തില്‍ ഒരു ചിത്രം പോലും പുറത്തുവന്നില്ല. ജയലളിതയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നു പോലും ആരോപണം ഉയര്‍ന്നിരുന്നു. അന്നും ഇന്നും ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ അണ്ണാ ഡി.എം.കെയ്ക്ക് കഴിഞ്ഞിട്ടില്ല. ചിത്രത്തില്‍ സ്റ്റാലിനാണ് കരുണാനിധിക്കൊപ്പം നില്‍ക്കുന്നത്. വീട്ടിലായാലും രാഷ്ട്രിയത്തിലായാലും കരുണാനിധിക്ക് ശേഷം താന്‍ എന്ന സന്ദേശവും സ്റ്റാലിന്‍ ഇതിലൂടെ നല്‍കുന്നുണ്ട്. അകന്ന് നില്‍ക്കുന്ന മൂത്തമകന്‍ അഴഗിരി ആശുപത്രിയില്‍ എത്തുന്നുണ്ടെങ്കിലും കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് സ്റ്റാലിന്‍ തന്നെയാണ്.
രജനിക്ക് നിരാശ?
സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഡെറാഡൂണിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഇന്നലെ തിരക്കിട്ടാണ് ആശുപത്രിയിലേക്ക് എത്തിയത്. രാത്രി 8.45ഓടെ കരുണാനിധിയെ കാണാന്‍ കാവേരി ആശുപത്രിയിലെത്തിയ അദ്ദേഹത്തിനു പക്ഷേ കലൈഞ്ജരെ കാണാന്‍ കഴിഞ്ഞില്ല. പതിനഞ്ചു മിനിട്ട് ആശുപത്രിക്കുള്ളില്‍ ചെലവിട്ട ശേഷമാണ് രജനി മടങ്ങിയത്. ഒമ്ബത് മണിയോടെ പുറത്തിറങ്ങിയ കലൈഞ്ജരെ നേരില്‍ കണ്ടോ എന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു രജനിയുടെ മറുപടി. കലൈഞ്ജര്‍ ഉറങ്ങുന്നതുകൊണ്ടാണ് കാണാന്‍ കഴിയാത്തതെന്നും രജനി വിശദീകരിച്ചു. കലൈഞ്ജരെ നേരില്‍ കണാത്തതില്‍ രജനിക്ക് വിഷമം ഉണ്ടെന്നാണ് അണികള്‍ പറയുന്നത്. മക്കളായ അഴഗിരി, സ്റ്റാലിന്‍, തമിഴ് അരസന്‍, കനിമൊഴി, സെല്‍വി എന്നിവരുമായി വെവ്വേറെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ പറ്റി സംസാരിച്ച ശേഷമാണ് രജനി മടങ്ങിയത്. വളരെ പെട്ടെന്ന് കലൈഞ്ജര്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നലെ പകല്‍ അഭിനേതാക്കളായ ഖുശബു, അംബിക, വിജയകുമാര്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയ നേതാക്കളും ആശുപത്രിയില്‍ എത്തിയിരുന്നു.
