കാലിക്കറ്റ് സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കുന്നു. സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവര്‍ക്ക് സ്വീകരണവും, സിവില്‍ സര്‍വീസ് ശില്പശാലയും കാമ്പസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചതാണിത്. പ്രാരംഭമായി അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധിദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തും. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമായിരുന്ന മലബാര്‍ പ്രദേശം ഇന്ന് ഉന്നത പഠനരംഗത്ത് ഏറെ മുന്നിലായികഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രമായിരിക്കണം. സിവില്‍ സര്‍വീസ് പോലുള്ള അത്യുന്നത മേഖലകളില്‍ എത്തിപ്പെടാനാണ് ശ്രമം ഉണ്ടാവേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കാന്‍ സര്‍വകലാശാല മുന്‍കൈയ്യെടുക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പിന്നോക്ക പ്രദേശമെന്ന പദം പഴയകാലത്ത് പ്രസക്തമായിരുന്നു. എന്നാല്‍ പഠനത്തില്‍ മുന്നേറിയ നിലവിലെ സാഹചര്യങ്ങളില്‍ ആ വാക്കിന് പ്രസക്തിയില്ലെന്നും മികച്ച കരിയര്‍ മേഖലകളിലേക്ക് മുന്നേറാനാകണം ശ്രമമെന്നും ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ശില്പശാലയില് സംബന്ധിക്കുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേര് സെമിനാര്‍ കോപ്ലക്സിലെത്തി. ഹാളിന് പുറത്തും പ്രത്യേക ഇരിപ്പിടങ്ങളും ശബ്ദസംവിധാനവും ഒരുക്കിയിട്ടും ഏറെപേര്‍ക്ക് പരിപാടികള്‍ ശ്രവിക്കാനായില്ല. ജനങ്ങളുടെ ഇത്രയും മികച്ച പ്രതികരണം, സമാനമായ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സര്‍വകലാശാലക്ക് പ്രേരകമാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലേറെ നീണ്ട സെഷനില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജേതാക്കള്‍ കൃത്യമായ മാര്‍ഗദര്‍ശനം നല്കി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവരുടെ നിരവധി സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടി.
സിവില്‍ സര്‍വീസ് ജേതാക്കളായ എസ്.അഞ്ജലി, സി.എം.ഇര്‍ഷാദ്, ഷാഹിദ് ടി. കോമത്ത്, നാഗലാന്റിലെ കിഫിരെ ജില്ലാ കളക്ടറായ മുഹമ്മദലി ഷിഹാബ് ഐ.എ.എസ്, മുന്‍ ഐ.എ.എ.എസ് ഉദ്യോഗസ്ഥന് ഡോ.പി.സരിന് എന്നിവരെ വൈസ് ചാന്‍സലര്‍ പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.അന്വഹര് സുബേരി വിശിഷ്ടാതിഥിയായിരുന്നു.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, സിന്റിക്കേറ്റ് അംഗം കെ.കെ.ഹനീഫ, ഡോ.സി.സി.ഹരിലാല്‍, എം.വി.സക്കറിയ, എന്‍.വി.സമീറ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗവും എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
