അക്രമം അഴിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നതെന്ന് എ. വിജയരാഘവന്‍

സി.പി.എം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ ബി.ജെ.പി.-ആര്‍.എസ്.എസ്. ക്രിമിനല്‍സംഘം വെട്ടിക്കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍.

ബി.ജെ.പി-ആര്‍.എസ്.എസ്. ക്രിമിനലുകളും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് അബ്ദുള്‍ സിദ്ദിഖിനെ വെട്ടിക്കൊന്നത്. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട് മുതലെടുപ്പ് നടത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. ഒരു വശത്ത് സംഘപരിവാര്‍ നേതൃത്വത്തില്‍ ഹിന്ദു വര്‍ഗീയവാദികളും മറുവശത്ത് എസ്.ഡി.പി.ഐ. നേതൃത്വത്തില്‍ മുസ്ലിം വര്‍ഗീയവാദികളും നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ എസ്.ഡി.പി.ഐ. അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയതിന്റെ വേദനയില്‍ നാട് ഇപ്പോഴും തേങ്ങുകയാണ്. അതിനിടയിലാണ് ആര്‍.എസ്.എസുകാര്‍ വീണ്ടും ഒരു സി.പി.ഐ(എം) പ്രവര്‍ത്തകനെ കൊലക്കത്തിക്കിരയാക്കിയത്. ഇത്തരം അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യവാദികളും രംഗത്തിറങ്ങണം. നാടിന്റെ സ്വൈര്യജീവിതം തകര്‍ക്കുന്ന ഇത്തരം ക്ഷുദ്രശക്തികളെ ഒറ്റപ്പെടുത്തണം. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മതിയായ ശിക്ഷ ഉറപ്പു വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *