പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബുകളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ ക്യാന്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പല ക്യാമ്ബുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ല. ഡോക്ടര്‍മാരുടെ അഭാവവുമുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ പല ക്യാമ്ബുകളിലും ലഭ്യമല്ല. ഇനിയും പല സ്ഥലങ്ങളില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷിക്കേണ്ടതുണ്ടെന്നും ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ദുരന്ത ബാധിത മേഖലകളില്‍ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയാല്‍ മാത്രമെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ജനങ്ങള്‍ നേരിടുന്ന ദുരിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നു. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ശുചീകരണ പ്രവര്‍ത്തനം അടക്കമുള്ളവയ്ക്ക് കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
