ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക് ; മംഗല്യ സ്വപ്‌നം യാഥാര്‍ത്ഥ്യമായത് നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവിന്

മലപ്പുറം: ദുരിതത്തിനിടയില്‍ മലയാളികള്‍ക്ക് മനസ് നിറയുന്ന കാഴ്‌ച്ചയാണ് മലപ്പുറം എം.എസ്‌പിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ ക്യാമ്ബില്‍ അഭയം പ്രാപിച്ച പെണ്‍കുട്ടി കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിച്ചു. നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്ബതികളുടെ മകള്‍ അഞ്ജുവാണ് ക്യാമ്ബില്‍ നിന്നും കല്യാണ മണ്ഡപത്തിലേക്ക് ചുവട് വെച്ചത്.

ശക്തമായ മഴയില്‍ വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലു ദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസ ക്യാമ്ബിലാണ് കഴിഞ്ഞിരുന്നത്.പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച്‌ വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി. ഷൈജുവിന്റെ വേങ്ങരയിലെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും സമീപ പ്രദേശത്തൊക്കെ വെള്ളക്കെട്ടാണ്.അതുകൊണ്ടു തന്നെ അഞ്ജുവിന്റെ വീട്ടിലെന്ന പോലെ ഷൈജുവിന്റെ വീട്ടിലും വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളോന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *