തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതില്‍ നില്‍ക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലേയ്ക്കു പോയ മന്ത്രി കെ. രാജുവിനെതിരെ സിപിഐ. ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് രാജുവിന് സിപിഐയുടെ നിര്‍ദേശം. മന്ത്രിക്ക് സംഭവിച്ചത് തെറ്റ് തന്നെയാണെന്നും വിഷയത്തെ ന്യായീകരിച്ച് വഷളാക്കരുതെന്നും പാര്‍ട്ടി നിര്‍ദേശിച്ചു. ജര്‍മനിയിലേക്ക് പോയ രാജു തിങ്കളാഴ്ച മടങ്ങിയെത്തിയിരുന്നു.
ജര്‍മനിയിലേയ്ക്കു പോകാന്‍ ഒരു മാസം മുമ്ബു പാര്‍ട്ടി മന്ത്രിക്ക് അനുമതി നല്‍കിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തില്‍ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്.
അതേസമയം യാത്രയ്ക്കു സര്‍ക്കാരിന്റെ അനുമതിയുണ്ടായിരുന്നുവെന്നും വ്യാഴാഴ്ച താന്‍ പോകുമ്ബോള്‍ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നുവെന്നുമുള്ള രാജുവിന്റെ പ്രസ്താവനയും സിപിഐ തള്ളി.
വനം വകുപ്പിന്റെ ചുമതല കൈമാറാതെയായിരുന്നു രാജുവിന്റെ വിദേശപര്യടനം. വനം വകുപ്പ് നോക്കണമെന്ന് ലെറ്റര്‍പാഡില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമനെ അറിയിച്ചിരുന്നു. എന്നാല്‍ ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
