പിണറായി കൂട്ടകൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പിണറായി കൂട്ടകൊലക്കേസ് പ്രതി സൗമ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കണ്ണൂര്‍ വനിതാ സബ്ബ് ജയിലിലെ കശുമാവില്‍ സൗമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളെയും കുട്ടികളെയും വിഷം നല്‍കി കൊന്ന കേസിലെ പ്രതിയാണ് സൗമ്യ. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കണ്ണൂര്‍ പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശിക്ഷ അനുഭവിച്ച്‌ വരികയായിരുന്നു സൗമ്യ. വഴിവിട്ട ബന്ധം തുടരാന്‍ വേണ്ടിയാണ് മക്കളുള്‍പ്പെടെ നാല് പേരടങ്ങുന്ന കുടുംബത്തെ സൗമ്യം പലപ്പോഴായി വിഷം നല്‍കി കൊലപ്പെടുത്തിയത്. ഒന്നിന് പിറകെ ഒന്നായുള്ള മരണത്തില്‍ ദുരൂഹത പടര്‍ന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഏപ്രില്‍ 24 ന് നടന്ന ദീര്‍ഘമായ ചോദ്യം ചെയ്യലിന് ഒടുവിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്.

എല്ലാവരും മരിച്ചത് കടുത്ത വയറ് വേദനയേയും ഛര്‍ദിയേയും തുടര്‍ന്നായിരുന്നു. ഇതാണ് ദുരൂഹതയുയര്‍ത്തിയത്. സംശയം തന്നിലേക്ക് ഉയര്‍ന്നപ്പോള്‍ എല്ലാവരേയും കബളിപ്പിക്കാന്‍ വയറുവേദനയും ഛര്‍ദിയുമാണെന്ന് പറഞ്ഞ് സൗമ്യ ആശുപത്രിയില്‍ കിടന്നു. എന്നാല്‍ എല്ലാം അഭിനയമാണെന്ന് ഡോക്ടര്‍ വഴി മനസ്സിലാക്കിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എലിവിഷത്തില്‍ അടങ്ങിയിട്ടുള്ള അലൂമിനിയം ഫോസ്ഫേറ്റാണ് മരണകാരണമെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *