ബാഡ് മിന്റണില്‍ പി വി സിന്ധുവിന് വെള്ളി; ഇന്ത്യയ്ക്കിത് ചരിത്രം നേട്ടം

ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍താരം പി.വി സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്ബര്‍ താരം ചൈനീസ് തായ്‌പേയ്‌യുടെ തായ് സു ഇംഗിനോട് 21-13, 21-16 എന്ന സ്‌കോറിനാണ് സിന്ധു കീഴടങ്ങിയത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വെള്ളിനേടുന്ന ഇന്ത്യന്‍ താരമായി സിന്ധു അഭിമാനമുയര്‍ത്തി.

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. ഇക്കഴിഞ്ഞ ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. സ്പാനിഷ് താരം കരോലിന മാരിനോടാണ് അന്നു തോറ്റത്.

കഴിഞ്ഞ ദിവസം തായ് സു ഇംഗിനോട് സെമിയില്‍ തോറ്റ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്ബ്യന്‍ സൈന നെഹ് വാള്‍ വെങ്കലം നേടിയിരുന്നു. 36 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മെഡല്‍ സ്വന്തമാക്കുന്നത്. സിന്ധുവിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. കഴിഞ്ഞ ഗെയിംസില്‍ വെങ്കലം നേടിയ വനിതാ ടീമില്‍ സിന്ധുവും അംഗമായിരുന്നു.

ഫൈനലിലെ ആദ്യ ഗെയിമില്‍ 5-0ത്തിന് ലീഡുനേടിയാണ് തായ് താരം തുടങ്ങിയത്. തുടര്‍ന്നാണ് സിന്ധുവിന് ആദ്യ പോയിന്റ് നേടാനായത്. തുടര്‍ന്ന് 3-5 വരെയെത്തിച്ചു. 8-4ന് മുന്നേറിയ തായ് കോര്‍ട്ടില്‍ നിറഞ്ഞുനിന്ന് സ്മാഷുകള്‍ പായിച്ചത് സിന്ധുവിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. കരുത്തുറ്റ സ്‌ട്രോക്കുകളും പ്ലേസിംഗും കാഴ്ച്ച വച്ച തായ് ലീഡ് പെട്ടെന്ന് 10- 5ആയി ഉയര്‍ത്തി. എന്നാല്‍ ഇടവേളയില്‍ സിന്ധു ലീഡ് നാലു പോയിന്റായി കുറച്ചു.

ഇടവേളകഴിഞ്ഞെത്തിയ സിന്ധു 9-11 ലേക്ക് മുന്നേറി. എന്നാല്‍ 15-10ലെത്തിയ തായ് ഗെയിമില്‍ പിടി മുറുക്കുന്നതാണ് കണ്ടത്. 12-17വരെ ഇന്ത്യന്‍ താരം പൊരുതിനോക്കിയെങ്കിലും ആദ്യ ഗെയിം നഷ്ടപ്പെടുന്നത് നിരാശയോടെ കണ്ടുനിന്നു.

രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടിയത് സിന്ധുവായിരുന്നു. തായ് സു ഇംഗ് പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവര്‍ 3-1ന് ലീഡിലേക്കെത്തി. 4-4ന് തുല്യതയിലാക്കി സിന്ധുവും കരുത്തുകാട്ടിയെങ്കിലും മികവ് നിലനിറുത്താനായില്ല. 7-4ന് തായ് വീണ്ടും ലീഡിലെത്തി.

രണ്ടാം ഗെയിമിന്റെ ഇടവേളയില്‍ തായ് 11-7ന് മുന്നിലായിരുന്നു. ഇടവേള കഴിഞ്ഞെത്തിയ തായ് പുറത്തെടുത്ത ശക്തമായ ഷോട്ടുകള്‍ക്ക് മറുപടിയില്ലാതെ ഇന്ത്യന്‍ താരം പതറി. ഇടയ്ക്ക് സര്‍വീസും പിഴച്ചു. ഇതോടെ 10-15ന് പിന്നിലാവുകയും ചെയ്തു. അവസാന സമയത്തെ പോരാട്ടത്തിലൂടെ സിന്ധു 15-19വരെയെത്തിയെങ്കിലും തോല്‍വിയില്‍ നിന്ന് കരകയറാനായില്ല.

അതിനിടെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് തായ്‌പേയ് യുടെ ചൗ ടിയെന്‍ ചെന്നിനെ 21-18, 20-22,21-15ന് കീഴടക്കി ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റി സ്വര്‍ണം നേടി.

നേരത്തെ, അമ്ബെയ്ത്ത് കോംപൗണ്ട് പുരുഷ, വനിതാ ഫൈനലുകളില്‍ ഇന്ത്യന്‍ ടീമുകള്‍ ദക്ഷിണകൊറിയയോടു തോറ്റിരുന്നു. ഷൂട്ടൗട്ടിലാണ് ഇന്ത്യന്‍ പുരുഷ ടീം തോല്‍വി സമ്മതിച്ചത്. നാലു സെറ്റ് പൂര്‍ത്തിയാകുമ്ബോള്‍ ഇരു ടീമുകളും 229 പോയിന്റ് നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. രജത് ചൗഹാന്‍, അഭിഷേക് വര്‍മ, അമാന്‍ സെയ്‌നി എന്നിവരുള്‍പ്പെട്ടതാണ് ഇന്ത്യന്‍ ടീം.

ആദ്യ നടന്ന വനിതാ വിഭാഗം കോംപൗണ്ട് ഫൈനലില്‍ മുസ്‌കന്‍ കിരര്‍, മധുമിത കുമാരി, സുരേഖ ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ദക്ഷിണ കൊറിയയോടു തോറ്റ് വെള്ളിയിലൊതുങ്ങിയത്. സ്‌കോര്‍: 231-228. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക് അവസാന സെറ്റിലാണ് കാലിടറിയത്. ആദ്യ മൂന്നു സെറ്റുകള്‍ പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യയ്ക്കും ദക്ഷിണകൊറിയയ്ക്കും 173 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നാലാം സെറ്റില്‍ ദക്ഷിണകൊറിയ 58 പോയിന്റ് നേടിയപ്പോള്‍, ഇന്ത്യയ്ക്ക് 55 പോയിന്റേ നേടാനായുള്ളൂ.

അതിനിടെ, വനിതാ വിഭാഗം 200 മീറ്ററില്‍ ഇന്ത്യയുടെ ദ്യുതി ചന്ദും ഹിമാ ദാസും സെമിയില്‍ കടന്നു. 23.37 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി ചന്ദ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, സ്വന്തം ഹീറ്റ്‌സില്‍ നാലാമതായാണ് ഹിമയുടെ സെമി പ്രവേശം. ചൊവ്വാഴ്ച വൈകിട്ടാണ് ഈ ഇനത്തില്‍ ഫൈനല്‍. പുരുഷ വിഭാഗം 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും ചൊവ്വാഴ്ച കലാശപ്പോരിനിറങ്ങും.

ജക്കാര്‍ത്തയില്‍ എട്ടു സ്വര്‍ണവും 16 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 44 ആയി ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *