വയനാട്: കനത്ത മഴയിലും വെള്ളപൊക്കത്തിലും വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടം. 331 കോടി രൂപയുടെ കൃഷിയാണ് മഴയിലും വെള്ളപ്പൊക്കത്തിലുമായി നശിച്ചത്.. വാഴ കര്‍ഷകര്‍ക്കാണ് ഏറെ നാശനഷ്ടമുണ്ടായത്.
കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്. ജില്ലയിലെ ക്യഷിയിടങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായത് വിളവെടുപ്പിന് പാകമായ നാണ്യവിളകള്‍ മുഴുവന്‍ നശിക്കാന്‍ കാരണമായി. കുടാതെ ഹെക്ടര്‍ കണക്കിനു സ്ഥലത്തെ നെല്ലും, ഇഞ്ചിയും, വെള്ളം കയറി നശിച്ചു.
മിക്ക കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരാണ്. പരിശോധനകള്‍ തുടരുകയാണെന്നും നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്നും കൃഷി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മണ്ണിടിച്ചിലിനെ തുടര്‍ന്നും നിരവധി സ്ഥലത്തെ കൃഷിയിടങ്ങള്‍ ഇല്ലാതായി. വിത്തുകള്‍ ലഭ്യമല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അര്‍ഹമായ നഷ്ടപരിഹാരത്തോടൊപ്പം പുന:കൃഷിക്കുള്ള വിത്തും സഹായവും നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
